ഷാർജയിൽ പെയ്ഡ് പാർക്കിംഗ് സമയം അർദ്ധരാത്രി വരെയാക്കി നീട്ടി; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
ഷാർജ എമിറേറ്റിലുടനീളമുള്ള പൊതു പെയ്ഡ് പാർക്കിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം അർദ്ധരാത്രി 12 മണി വരെ നീട്ടിയതായി ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചു. വരാനിരിക്കുന്ന ജൂലൈ 1 (2026) മുതൽ പുതിയ പരിഷ്‌കാരം പ്രാബല്യത്തിൽ വരും.
ഷാർജ, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നീ നഗരങ്ങളിലെ എല്ലാ പെയ്ഡ് പാർക്കിംഗ് കേന്ദ്രങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും. നിലവിൽ അർദ്ധരാത്രി വരെ പാർക്കിംഗ് ഫീസ് ഈടാക്കുന്ന 'ബ്ലൂ സൈൻ' (Blue-sign) പാർക്കിംഗ് മേഖലകൾക്ക് സമാനമായി, ഇനി മുതൽ 'യെല്ലോ സൈൻ' (Yellow-sign) ബോർഡുകളുള്ള പാർക്കിംഗ് ഇടങ്ങളിലും സമയം രാത്രി 12 വരെയായിരിക്കും. ഇതോടെ എമിറേറ്റിലെ ഏകദേശം 1,24,000 പെയ്ഡ് പാർക്കിംഗ് സ്പെയ്സുകളിൽ പുതിയ സമയക്രമം നിലവിൽ വരും. രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെയായിരിക്കും ഇനി ഫീസ് ഈടാക്കുക.
വെള്ളിയാഴ്ചകളിലും മറ്റ് ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കുന്നു. എന്നാൽ ആഴ്ചയിൽ ഏഴു ദിവസവും അവധി ദിവസങ്ങളിലും ഫീസ് ബാധകമാക്കിയിട്ടുള്ള പ്രത്യേക പാർക്കിംഗ് സോണുകളിൽ ഈ ഇളവ് ലഭിക്കില്ല.
എമിറേറ്റിലെ നഗര, ജനസംഖ്യാ, വിനോദസഞ്ചാര മേഖലകളിലുണ്ടായ ദ്രുതഗതിയിലുള്ള വളർച്ചയും പൊതു പാർക്കിംഗ് സേവനങ്ങൾക്കായുള്ള ആവശ്യകത വർദ്ധിച്ചതുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഷാർജ മുൻസിപ്പാലിറ്റി പബ്ലിക് പാർക്കിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമീദ് അൽ ഖായിദ് പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ പാർക്കിംഗ് രീതികളെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കൃത്യമായ പഠനം നടത്തിയ ശേഷമാണ് ഈ മാറ്റം നടപ്പിലാക്കുന്നത്.
സാമ്പത്തിക-വാണിജ്യ പ്രവർത്തനങ്ങൾ സജീവമായതോടെ രാത്രി 10 മണിക്ക് ശേഷം റെസ്റ്റോറന്റുകളിലും കഫേകളിലും എത്തുന്നവർക്കും സീസണൽ സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്കും പാർക്കിംഗ് ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പാർക്കിംഗ് സമയം നീട്ടുന്നതിലൂടെ വാഹനങ്ങളുടെ കൃത്യമായ റൊട്ടേഷൻ ഉറപ്പാക്കാനും പാർക്കിംഗ് ദുരുപയോഗം ചെയ്യുന്നത് തടയാനും സാധിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.