മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പെയ്ഡ് പാർക്കിങ് 6 മുതൽ
അബുദാബിയിലെ തിരക്കേറിയ ജനവാസ മേഖലയായ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ (എംബിസെഡ് സിറ്റി) പെയ്ഡ് പാർക്കിങ് ഏപ്രിൽ 6 മുതൽ നിലവിൽ വരും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പാർക്കിങ് സൗകര്യങ്ങൾ ക്രമീകരിക്കുന്നതിനുമാണു നടപടി.∙
ഏതൊക്കെ മേഖലകൾ
എംബിസെഡ് സിറ്റിയിൽ സെക്ടറുകൾ തിരിച്ചാണ് പാർക്കിങ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. മുസഫ വ്യവസായ മേഖലയിൽ നേരത്തെ പാർക്കിങ് ആരംഭിച്ചു. പുതുതായി താമസമേഖലകളിലും വാണിജ്യ മേഖലകളിലും ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. 6 മുതൽ പാർക്കിങ്ങിന് പണം ഈടാക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു.
∙ പാർക്കിങ് സമയം
രാവിലെ 8 മുതൽ അർധരാത്രി 12 വരെയാണ് പാർക്കിങ്ങിനു പണം നൽകേണ്ടത്. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സൗജന്യം.
∙ താമസക്കാർക്ക് പെർമിറ്റ്
എംബിസെഡ് സിറ്റിയിൽ താമസിക്കുന്നവർക്ക് വാർഷിക പാർക്കിങ് പെർമിറ്റിനായി ഐടിസി വെബ്സൈറ്റ് വഴിയോ ദർബ് ആപ്പ് വഴിയോ അപേക്ഷിക്കാം. എമിറേറ്റ്സ് ഐഡി, വാടക കരാർ, വാഹനത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
∙ സ്റ്റാൻഡേഡ് പാർക്കിങ്
നീല-കറുപ്പ് നിറങ്ങളിൽ അടയാളപ്പെടുത്തിയ സ്റ്റാൻഡേഡ് പാർക്കിങ്ങിന് മണിക്കൂറിന് 2 ദിർഹം, ഒരു ദിവസത്തേക്ക് പരമാവധി 15 ദിർഹം.
∙ പ്രീമിയം പാർക്കിങ്
നീലയും വെള്ളയും അടയാളപ്പെടുത്തിയ പ്രീമിയം പാർക്കിങ്ങിന് മണിക്കൂറിന് 3 ദിർഹമാണ് നിരക്ക്. ഈ പാർക്കിങ്ങിൽ പരമാവധി 4 മണിക്കൂർ മാത്രമേ വാഹനം നിർത്തിയിടാൻ കഴിയൂ.
∙ പണമടയ്ക്കാം
പാർക്കിങ് മെഷീൻ വഴിയോ ദർബ് സ്മാർട്ട് ആപ് വഴിയോ 3009 എസ്എംഎസ് വഴിയോ പാർക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. താമസക്കാർക്ക് ഓൺലൈൻ വഴി പെർമിറ്റ് പുതുക്കാനുള്ള സൗകര്യവും ലഭ്യമാണ്.