പാർക്കിൻ പരിശോധനകൾ ശക്തമാക്കി: ദുബായിൽ പാർക്കിങ് പിഴകളിൽ വൻ വർധന

 

ദുബായിലെ പൊതു പാർക്കിങ് സേവനദാതാക്കളായ പാർക്കിൻ പരിശോധനകൾ ശക്തമാക്കിയതോടെ നഗരത്തിൽ പാർക്കിങ് പിഴകളിൽ വൻ വർധന രേഖപ്പെടുത്തി. 2025ന്റെ അവസാന പാദത്തിൽ മാത്രം 8.10 ലക്ഷം നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 5.09 ലക്ഷമായിരുന്നു. പിഴകളുടെ എണ്ണത്തിൽ 59 ശതമാനത്തിന്റെ വർധനയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ സമർപ്പിച്ച കമ്പനിയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.

നിമിഷനേരത്തിനുള്ളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്മാർട്ട് ഇൻസ്പെക്ഷൻ കാറുകളുടെ എണ്ണം വർധിപ്പിച്ചതാണ് പിഴകൾ കൂടാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഫീൽഡ് എൻഫോഴ്സ്മെന്റ് ടീം 1.15 കോടി വാഹനങ്ങൾ സ്കാൻ ചെയ്തു. മുൻവർഷം ഇത് വെറും 50 ലക്ഷമായിരുന്നു. സ്മാർട്ട് സ്കാനിങ് കാറുകളുടെ എണ്ണം 27 ആയി ഉയർത്തിയതോടെ പരിശോധനയുടെ വേഗവും വ്യാപ്തിയും വർധിച്ചു. ആകെ ലഭിച്ച പിഴകളിൽ 80 ശതമാനവും (ഏകദേശം 6.50 ലക്ഷം) പൊതു പാർക്കിങ് നിയമങ്ങൾ ലംഘിച്ചതിനാണ്. വരാനിരിക്കുന്ന റമസാൻ കാലയളവിലും സമാനമായ രീതിയിൽ കർശന പരിശോധനകൾ തുടരാനാണ് സാധ്യത.

∙ ലാഭത്തിൽ കുതിച്ച് പാർക്കിൻ
പരിശോധനകൾ കർശനമായതും പാർക്കിങ് നിരക്കുകളിലെ മാറ്റവും കമ്പനിയുടെ വരുമാനത്തിലും വലിയ പ്രതിഫലനമുണ്ടാക്കി. 2025ന്റെ അവസാന പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 47 ശതമാനം വർധിച്ച് 38.94 കോടി ദിർഹമിലെത്തി. ഇക്കാലയളവിലെ അറ്റാദായം 18.36 കോടി ദിർഹമാണ്. 2024നെ അപേക്ഷിച്ച് വാർഷിക ലാഭത്തിൽ 48 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനി കൈവരിച്ചത്. പാർക്കിങ് പോർട്ട്‌ഫോളിയോ വിപുലീകരിച്ചതും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പരിശോധനകൾ കാര്യക്ഷമമാക്കിയതുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പാർക്കിൻ സിഇഒ എൻജി. മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു.

ഓഹരി ഉടമകൾക്കുള്ള ലാഭവിഹിതമായി (ഡിവിഡന്റ്) 34.37 കോടി ദിർഹം വിതരണം ചെയ്യാനും കമ്പനി ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടെ ഇത് ഓഹരി ഉടമകൾക്ക് ലഭിക്കും.