റിയാദിൽ പ്ലസ് വൺ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

 

പ്ലസ് വൺ ക്ലാസിലെ ആദ്യ ദിനം സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം അന്തരിച്ചു. റിയാദ് സുലൈമാനിയ്യയിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയായ ഹനീൻ അബ്ദുസമദ് (15) ആണ് ചൊവ്വാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങിയത്.

മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്മാന്റെയും, റിയാദ് അമീറ നൂറ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. ഷയീന്റെയും മകനാണ്. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഹനീൻ, പ്ലസ് വൺ ക്ലാസിന്റെ ആദ്യ ദിനമായ ഏപ്രിൽ അഞ്ചിനാണ് വീട്ടിൽ വെച്ച് കുഴഞ്ഞുവീണത്.

യൂണിഫോമണിഞ്ഞ് സ്കൂളിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.