ഖത്തർ അമീറുമായി പാക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

 

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ സമാധാനശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ രാജ്യാന്തര തലത്തിൽ ഏകോപിത നീക്കം വേണമെന്ന് ഇരുനേതാക്കളും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.സമുദ്രപാതകൾ വഴിയുള്ള ഊർജ വിതരണ ശൃംഖല തടസ്സമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ചർച്ച ചെയ്തു. പിരിമുറുക്കം കുറയ്ക്കുന്നതിനും നയതന്ത്ര സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെ അമീർ അഭിനന്ദിച്ചു. ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പാക്കിസ്ഥാൻ ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനുള്ള നീക്കങ്ങൾക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും ഷെഹ്ബാസ് ഷെരീഫ് വാഗ്ദാനം ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. സാമ്പത്തിക, പ്രതിരോധ മേഖലകളിൽ പുതിയ പങ്കാളിത്തത്തിന് തുടക്കം കുറിക്കാനും ധാരണയായി. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ കൂടിയാലോചനകൾ തുടരുന്നതിനും തീരുമാനിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, പാക് ഉപപ്രധാനമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.