വാട്സാപ് വഴി റോഡുകളിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാം; പുതിയ സേവനവുമായി ദുബായ് ആർടിഎ

 

‘മഹ്ബൂബ്’ ചാറ്റ്‌ബോട്ട് വഴി ‘മദീനത്തി’ സ്മാർട്ട് സേവനം വാട്സാപ്പിൽ ലഭ്യമാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും റോഡുകളിലെയും പൊതുഗതാഗത സംവിധാനങ്ങളിലെയും കേടുപാടുകൾ, നടപ്പാതകൾ, ബസ് ഷെൽട്ടറുകൾ, ട്രാഫിക് സിഗ്നലുകൾ, ദിശാബോർഡുകൾ തുടങ്ങിയവയെല്ലാം ഈ സേവനം വഴി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ടിങ് എളുപ്പമാക്കുന്നതിനും കേടുപാടുകൾ വേഗത്തിൽ കണ്ടെത്താൻ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ചിത്രങ്ങൾ നേരിട്ട് വാട്സാപ് വഴി അയക്കാൻ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അപ്പോൾ തന്നെ ബന്ധപ്പെട്ട ആർടിഎ വകുപ്പുകളിലേക്ക് അയക്കുകയും വേഗത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യും. റിപ്പോർട്ടുകൾ സമർപ്പിക്കാനും നിർദേശങ്ങൾ നൽകാനും ഈ സംവിധാനം പൊതുജനങ്ങൾക്ക് അവസരം നൽകുന്നു. വേഗത്തിൽ റിപ്പോർട്ടുകൾക്ക് മറുപടി നൽകാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കുന്നു.

2024-2030 ലെ ആർടിഎയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. വിവരങ്ങൾ കൈമാറുമ്പോൾ സ്വകാര്യത ഉറപ്പുവരുത്താൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വാട്‌സാപ് വഴി മദീനത്തി സേവനം ആരംഭിച്ചത് ദുബായിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുന്നു എന്ന് കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മീര അൽ ഷെയ്ഖ് പറഞ്ഞു. കൂടാതെ, ഇത് ആർടിഎയുടെ ജനസമ്മിതി വർധിപ്പിക്കാൻ സഹായിക്കും.

2025-ന്റെ ആദ്യ പകുതിയിൽ 6,525 റിപ്പോർട്ടുകളാണ് മദീനത്തി സേവനം വഴി ആർടിഎയുടെ കോൾ സെന്ററിൽ ലഭിച്ചത്. ദുബായുടെ സൗന്ദര്യം നിലനിർത്തുന്നതിൽ പൊതുജനങ്ങളെ പങ്കാളികളാക്കാൻ ഈ സംവിധാനം സഹായിക്കും. കൂടാതെ, നൂതനവും ഉയർന്ന നിലവാരമുള്ളതും ദുബായിലെ എല്ലാ താമസക്കാർക്കും സന്ദർശകർക്കും എളുപ്പത്തിൽ ലഭ്യമാകുന്നതുമാണ്.