മഴ ശക്തം; സൂറിലും ജലാൻ ബാനി ബു അലിയിലും ഡാമുകൾ നിറഞ്ഞു

 

ഒമാനിലുടനീളം വ്യാപകമായി പെയ്ത മഴയെ തുടർന്ന് സൂർ, ജലാൻ ബാനി ബു അലി വിലായത്തുകളിലെ ഡാമുകളിൽ ജലനിരപ്പുയർന്നു. വെള്ളപ്പൊക്ക പ്രതിരോധിക്കാനായി സൂറിൽ നിർമിച്ച അണക്കെട്ടിൽ ജലനിരപ്പ് 13 ദശലക്ഷം ഘനമീറ്റർ പരിധി കവിഞ്ഞു. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 60 ശതമാനം ജലമുയർന്നിട്ടുണ്ട്. അധികജലം നിയന്ത്രിക്കാൻ ഡാം തുറന്നതായി അധികൃതർ അറിയിച്ചു.

ജലാൻ ബാനി ബു അലിയിലെ വാദി സാൽ അണക്കെട്ട് 7.15 ലക്ഷം ഘനമീറ്ററിലധികം വെള്ളം നിറഞ്ഞ് പൂർണ ശേഷിയിലെത്തി. നിർമാണത്തിന് ശേഷം ആദ്യമായാണ് ഡാം നിറഞ്ഞൊഴുകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി സ്പിൽവേ ഗേറ്റുകൾ തുറന്നു.

സൂറിലെ വെള്ളപ്പൊക്ക പ്രതിരോധ അണ​ക്കെട്ടും ജലാൻ ബാനി ബു അലിയിലെ വാദി സാൽ അണക്കെട്ടും തെക്കൻ ശർഖിയ്യ ഗവർണറേറ്റിലെ ജലസുരക്ഷ, കൃഷി, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നതായി ഗവർണറേറ്റിലെ ജലവിഭവ വിഭാഗത്തിലെ എൻജിനീയർ സലാഹ് ബിൻ സലേം അൽ മഹാജ്രി പറഞ്ഞു.