ഇന്ത്യയിൽ അടുത്ത വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു; ജൂലൈ 20 വരെ അപേക്ഷിക്കാം
ഇന്ത്യയിൽനിന്നുള്ള തീർത്ഥാടകർക്ക് അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. അടുത്ത മാസം ജൂലൈ 20 വരെയാണ് ഹജ്ജിനായുള്ള അപേക്ഷകൾ സമർപ്പിക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി സമയം അനുവദിച്ചിരിക്കുന്നത്. പൂർണ്ണമായും ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.hajcommittee.gov.in വഴിയും, 'ഹജ്ജ് സുവിധ' (Haj Suvidha) മൊബൈൽ ആപ്ലിക്കേഷൻ വഴിയും താല്പര്യമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് 2027 ഡിസംബർ 31 വരെ കുറഞ്ഞത് കാലാവധിയുള്ള അന്താരാഷ്ട്ര പാസ്‌പോർട്ട് ഉണ്ടായിരിക്കൽ നിർബന്ധമാണ്.
ഇത്തവണത്തെ രജിസ്ട്രേഷനിൽ കുറഞ്ഞ ദിവസങ്ങൾ മാത്രമുള്ള പ്രത്യേക ഹജ്ജ് പാക്കേജും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 65 വയസ്സിന് മുകളിലുള്ളവർ, ലേഡീസ് വിതൗട്ട് മഹ്റം (തുണയില്ലാത്ത സ്ത്രീകൾ), ജനറൽ കാറ്റഗറി എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായാണ് അപേക്ഷ സ്വീകരിക്കുന്നത്. 65 വയസ്സിന് മുകളിലുള്ള അപേക്ഷകർക്കൊപ്പം സഹായിയായി ഒരാൾ കൂടി നിർബന്ധമായും ഉണ്ടായിരിക്കണം. അതേസമയം, മഹ്റം അഥവാ പുരുഷ തുണയില്ലാതെ അപേക്ഷിക്കാൻ 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കാണ് അനുമതിയുള്ളത്. ഡിജിറ്റൽ നറുക്കെടുപ്പിലൂടെയാണ് ഇത്തവണയും തീർത്ഥാടകരെ തിരഞ്ഞെടുക്കുക. ഇങ്ങനെ താൽക്കാലികമായി തിരഞ്ഞെടുക്കപ്പെടുന്നവർ ഓഗസ്റ്റ് 10-ന് മുൻപായി ആദ്യ ഗഡുവായി 1,52,300 ഇന്ത്യൻ രൂപ അടയ്‌ക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.