ഡെലിവറി ജീവനക്കാർക്ക് ആശ്വാസം; ദുബായിൽ എയർകണ്ടീഷൻഡ് വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കി ആർ.ടി.എ

 

 

കഠിനമായ വേനൽച്ചൂടിൽ ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാർക്ക് വലിയ ആശ്വാസമേകി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). നഗരത്തിലെ പ്രധാന മെട്രോ, ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഡെലിവറി റൈഡർമാർക്കായി പ്രത്യേകം എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങളാണ് അതോറിറ്റി സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷിതമായ തൊഴിൽ സാഹചര്യവും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആർ.ടി.എയുടെ ഈ സുപ്രധാന നീക്കം.

പ്രധാന സൗകര്യങ്ങൾ:
വേനൽക്കാലത്തെ ഉച്ചവിശ്രമ നിയമം (Midday Work Ban) നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ കേന്ദ്രങ്ങൾ പൂർണ്ണ സജ്ജമാക്കിയിരിക്കുന്നത്. റൈഡർമാർക്ക് വിശ്രമിക്കാനുള്ള എസി കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് പുറമെ തണുത്ത കുടിവെള്ളം, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷനുകൾ, ബൈക്കുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, യുഎഇ ഫുഡ് ബാങ്ക്, ഡെലിവറൂ എന്നിവയുമായി സഹകരിച്ച് റൈഡർമാർക്കായി സൗജന്യ ഭക്ഷണ വിതരണവും ഈ കേന്ദ്രങ്ങൾ വഴി നടക്കുന്നുണ്ട്.