പ്രവാസികൾക്ക് ആശ്വാസം; അധിക ബാഗേജിന് ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ആകർഷകമായ ബാഗേജ് ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നിശ്ചിത കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ബാഗേജ് വളരെ കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമാണ് എയർലൈൻ ഒരുക്കിയിരിക്കുന്നത്. ജനുവരി 16-നും മാർച്ച് 10-നും ഇടയിൽ യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ജനുവരി 31-നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഓരോ രാജ്യത്തെയും നിരക്കുകൾ പ്രകാരം വളരെ ചെറിയ തുക നൽകി അധിക കിലോകൾ സ്വന്തമാക്കാം. യുഎഇയിൽ നിന്ന് ഒരു കിലോയ്ക്ക് 2 ദിർഹം എന്ന നിരക്കിലും, സൗദിയിൽ 2 റിയാൽ, ഖത്തറിൽ 1 റിയാൽ എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ 0.2 എന്ന നിരക്കിലാണ് അധിക ബാഗേജ് ലഭ്യമാകുക. എക്സ്പ്രസ് വാല്യൂ മുതൽ എക്സ്പ്രസ് ബിസ് വരെയുള്ള എല്ലാ ബുക്കിംഗ് വിഭാഗങ്ങളിലും ഈ ഓഫർ ലഭ്യമാണ്. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ മറ്റ് അംഗീകൃത ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി യാത്രക്കാർക്ക് ഇത് ബുക്ക് ചെയ്യാവുന്നതാണ്.
നിലവിൽ എക്സ്പ്രസ് ലൈറ്റ് ഒഴികെയുള്ള വിഭാഗങ്ങളിൽ 30 കിലോ ചെക്ക്-ഇൻ ബാഗേജാണ് എയർലൈൻ അനുവദിക്കുന്നത്. പുതിയ ഓഫർ കൂടി ഉപയോഗപ്പെടുത്തുന്നതോടെ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രയിൽ ആകെ 40 കിലോ വരെ ബാഗേജ് കൊണ്ടുപോകാൻ സാധിക്കും. അവധിക്കാലത്ത് വലിയ അളവിൽ സാധനങ്ങളുമായി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ സാമ്പത്തിക ലാഭമുണ്ടാക്കും.