ഗൾഫിലെ ഇന്ത്യൻ സ്കൂളുകൾക്ക് ആശ്വാസം; സി.ബി.എസ്.ഇ ത്രിഭാഷാ പദ്ധതിയിൽ വൻ ഇളവുകൾ
സി.ബി.എസ്.ഇ പുതുതായി പ്രഖ്യാപിച്ച ത്രിഭാഷാ നയത്തിൽ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂളുകൾക്ക് വലിയ ഇളവുകൾ അനുവദിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കുന്നതാണ് പുതിയ പരിഷ്കാരം. എന്നാൽ വിദേശത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് സി.ബി.എസ്.ഇ ബോർഡ് ഈ ഇളവുകൾ പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി 2026–27 അധ്യയന വർഷം മുതലാണ് ഒമ്പതാം ക്ലാസുകളിൽ ഈ പുതിയ രീതി നടപ്പാക്കുന്നത്. ഈ വർഷം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന നിയമപ്രകാരം ഒമ്പതാം ക്ലാസുകാർ മൂന്ന് ഭാഷകൾ പഠിക്കണം. ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം എന്നതായിരുന്നു ഇന്ത്യയിലെ നിബന്ധന. എന്നാൽ ഗൾഫിലെ സ്കൂളുകൾക്ക് ഇതിൽ ഇളവുണ്ട്.
പുതിയ ലളിതമായ ഭാഷാ ക്രമീകരണം ഇങ്ങനെ:
ഗൾഫിലെ സ്കൂളുകൾക്ക് ഒരൊറ്റ ഇന്ത്യൻ ഭാഷ മാത്രം നിർബന്ധമാക്കിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. അതനുസരിച്ച് കുട്ടികൾക്ക് താഴെ പറയുന്ന രീതിയിൽ ഭാഷകൾ തിരഞ്ഞെടുക്കാം:
- ഒന്നാം ഭാഷ (L-1): ഇംഗ്ലീഷ്
- രണ്ടാം ഭാഷ (L-2): ഏതെങ്കിലും ഒരു ഇന്ത്യൻ ഭാഷ (മലയാളം, ഹിന്ദി, തമിഴ്, ഉറുദു തുടങ്ങിയവ)
- മൂന്നാം ഭാഷ (L-3): അറബിക് അല്ലെങ്കിൽ മറ്റേതെങ്കിലും വിദേശ ഭാഷ
ബോർഡ് പരീക്ഷയില്ല; വിദ്യാർത്ഥികൾക്ക് പഠനഭാരം കുറയും
വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും പഠനഭാരവും കുറയ്ക്കുന്നതിനായി, മൂന്നാമത് പഠിക്കുന്ന ഭാഷയ്ക്ക് (L-3) പത്താം ക്ലാസിൽ ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. ഇതിന്റെ മൂല്യനിർണ്ണയം പൂർണ്ണമായും സ്കൂൾ തലത്തിൽ മാത്രമായിരിക്കും നടത്തുക. ഈ മാർക്ക് അന്തിമ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുമെങ്കിലും, മൂന്നാം ഭാഷയിലെ മാർക്കിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്.
താൽക്കാലിക ക്രമീകരണങ്ങളും ഗ്ലോബൽ കരിക്കുലവും
പുതിയ ഒമ്പതാം ക്ലാസിലെ പാഠപുസ്തകങ്ങൾ ലഭ്യമാകുന്നത് വരെ താൽക്കാലികമായി ആറാം ക്ലാസിലെ പാഠപുസ്തകം ഉപയോഗിച്ച് പഠനം നടത്താം. അധ്യാപകരുടെ കുറവുള്ള സ്കൂളുകളിൽ ഓൺലൈൻ/ഓഫ്‌ലൈൻ ഹൈബ്രിഡ് ക്ലാസുകൾ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. സ്കൂളുകൾ തങ്ങളുടെ മൂന്നാം ഭാഷാ വിവരങ്ങൾ ഈ വർഷം ജൂൺ 30-നകം ഔദ്യോഗിക 'ഒയാസിസ്' പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം.
ഇതിനുപുറമെ, ഗൾഫ് സ്കൂളുകൾക്കായി സി.ബി.എസ്.ഇ പ്രത്യേക 'ഗ്ലോബൽ കരിക്കുലം' അവതരിപ്പിക്കാനും തയ്യാറെടുക്കുകയാണ്. ഇത് കൂടി വരുന്നതോടെ പ്രവാസി മലയാളി വിദ്യാർത്ഥികളുടെ പഠനം കൂടുതൽ എളുപ്പമാകും.