ഖത്തർ കെ.എം.സി.സി ഓഫീസിലെ എട്ട് കോടിയുടെ കവർച്ച: പ്രതി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ വീഡിയോ പുറത്ത്
ഖത്തറിലെ കെ.എം.സി.സി ഓഫീസിൽ നടന്ന കോടികളുടെ കവർച്ചാ കേസിൽ അറസ്റ്റിലായ ബി.ജെ.പി പ്രാദേശിക നേതാവ് പറമ്പിൽ ബാലകൃഷ്ണൻ കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോ പുറത്ത്. ഉയർന്ന ജോലി വാഗ്ദാനം ചെയ്താണ് കേസിന്റെ പ്രധാന സൂത്രധാരന്മാർ തന്നെ ഖത്തറിലെത്തിച്ചതെന്നും കവർച്ച നടത്താനാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നും വീഡിയോയിൽ പറയുന്നു. വെൽഡിങ് തൊഴിലാളിയായ തന്നെക്കൊണ്ട് സ്ട്രോങ് റൂമിന്റെ പൂട്ട് തകർക്കുകയായിരുന്നുവെന്നും തിരികെ വരാനുള്ള ടിക്കറ്റ് തുകയായ 50,000 രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഇയാൾകാശങ്കപ്പെടുന്നു.
കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച മറ്റ് പ്രതികളിൽ നിന്ന് തനിക്ക് കടുത്ത വധഭീഷണിയുണ്ടെന്നും ബോംബെ ഷാജഹാൻ എന്നറിയപ്പെടുന്ന ഷാജിയാണ് തന്നെ ഖത്തറിലേക്ക് കൊണ്ടുപോയതെന്നും ബാലകൃഷ്ണൻ അവകാശപ്പെട്ടു. എട്ട് കോടി രൂപ കവർന്ന കേസിലെ നാലാം പ്രതിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. എന്നാൽ ബാലകൃഷ്ണന്റെ മൊഴികൾ പൊലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ ഇനി പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഒരു വർഷം മുമ്പ് നടന്ന വലിയ കവർച്ചയിൽ കൊയിലാണ്ടി പൊലീസ് കഴിഞ്ഞ മാസമാണ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചത്. കൊയിലാണ്ടി, വടകര, പയ്യോളി സ്വദേശികളായ ആറ് പേരാണ് കേസിലെ പ്രതികൾ. വിദേശത്ത് വെച്ച് നടന്ന വലിയ കവർച്ചയായതിനാൽ പണത്തിന്റെ ഉറവിടം, മറ്റ് പ്രതികളുടെ ഒളിവുസങ്കേതം എന്നിവ സംബന്ധിച്ച് പൊലീസിന് മുൻപിൽ ചോദ്യങ്ങൾ നിരവധിയാണ്. അതേസമയം ഈ സംഭവത്തിൽ നിലവിൽ ഖത്തറിൽ അന്വേഷണമൊന്നും നടക്കുന്നില്ലെന്നാണ് കൊയിലാണ്ടി പൊലീസ് നൽകുന്ന സൂചന.