മേയ്ദാൻ സ്ട്രീറ്റ് ഡവലപ്മെന്റ് പദ്ധതിക്ക് ടെൻഡർ അനുവദിച്ച് ആർടിഎ
നഗരത്തിലെ റോഡ് ശൃംഖലയുടെ മുഖഛായ മാറ്റുന്ന മേയ്ദാൻ സ്ട്രീറ്റ് ഡവലപ്മെന്റ് പദ്ധതിക്ക് ടെൻഡർ അനുവദിച്ച് ആർടിഎ. 116.1 കോടി ദിർഹം ചെലവുള്ള പദ്ധതി രണ്ടു വർഷത്തിൽ പൂർത്തിയാക്കും. പദ്ധതിയുടെ വേഗം കൂട്ടാൻ രണ്ടു കമ്പനികൾക്കാണ് കരാർ നൽകിയത്.വികസന പദ്ധതിയുടെ ഭാഗമായി 3.7 കിലോമീറ്റർ നീളത്തിൽ പാലങ്ങളും 17 കിലോമീറ്റർ റോഡുകളും പുതിയതായി നിർമിക്കും. ഇതോടൊപ്പം സൈക്കിൾ ട്രാക്കുകൾക്കും ഫണ്ട് വകയിരുത്തി. പദ്ധതി പൂർത്തിയാകുന്നതോടെ 5 ലക്ഷം പേർക്കാണ് ഇതിന്റെ ഗുണം നേരിട്ടു ലഭിക്കുക. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും അൽ ഖെയിൽ റോഡിനും സമാന്തരമായുള്ള മെയ്ദാൻ സ്ട്രീറ്റ് ഇരു റോഡുകളിലെയും ഗതാഗത തിരക്ക് കുറയ്ക്കാൻ സഹായിക്കും.
ദുബായ്‌യുടെ തെക്കു – വടക്ക് ട്രാഫിക് ഇടനാഴിയുടെ ശേഷി 18 % വർധിപ്പിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. അൽ മാനാമ സ്ട്രീറ്റ്, ദുബായ് – അൽ ഐൻ റോഡ് എന്നിവിടങ്ങളിൽ നിന്ന് ഉം സുഖീം സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 30ൽ നിന്ന് 10 മിനിറ്റായി കുറയ്ക്കാനാകും. ഉം സുഖീം സ്ട്രീറ്റും ഫസ്റ്റ് അൽ ഖെയിൽ സ്ട്രീറ്റുമായി സംയോജിക്കുന്നിടത്ത് നിന്നാണ് മെയ്ദാൻ സ്ട്രീറ്റ് വികസനം ആരംഭിക്കുന്നത്.
അൽ ഖെയിൽ റോഡ്, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്, അൽ മറാബിയ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ അൽ മറാബിയ റോഡിന്റെ വികസനവും ഇതോടൊപ്പം നടക്കും. ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ നിന്ന് ഉം സുഖീം സ്ട്രീറ്റ് വരെയുള്ള റോഡും അൽ മറാബിയ സ്ട്രീറ്റിന്റെ ദുബായ് ഹിൽസ് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെയുള്ള ഭാഗവും അടങ്ങുന്നതാണ് ഒന്നാമത്തെ കരാർ. മൊത്തം 14 കിലോമീറ്ററിലാണ് ഇതിന്റെ പ്രവൃത്തികൾ നടത്തുക.