ദുബായിൽ 7 മേഖലകളിലെ ബസ് റൂട്ടുകളിൽ മാറ്റം വരുത്തി ആർടിഎ; പുതിയ ക്രമീകരണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
ദുബായിൽ 7 മേഖലകളിലെ ബസ് റൂട്ടുകളിൽ മാറ്റം വരുത്തി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ചില റൂട്ടുകൾ നീട്ടിയപ്പോൾ ചിലത് ഒഴിവാക്കി, മറ്റു ചിലത് തിരിച്ചുവിട്ടിട്ടുണ്ട്. പുതിയ ക്രമീകരണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ റൂട്ടുകളും സമയക്രമവും യാത്രയ്ക്കു മുൻപു പരിശോധിക്കണമെന്ന് ആർടിഎ നിർദേശിച്ചു.ജബൽഅലി, അൽ വാസൽ,അൽ ഗുബൈബ, ഹത്ത റോഡ്, അൽഖൂസ്,ദുബായ് വേൾഡ് സെൻട്രൽ, ചെറി വുഡ്സ് മേഖലകളിലാണ് മാറ്റം.∙
മാറ്റങ്ങളും ബദൽ റൂട്ടുകളും
ജബൽഅലി–ജാഫ്സ മേഖലയിൽ കടൽത്തീരത്തെ ലൈഫ് ഫാർമസി ബസ് സ്റ്റോപ്പിലേക്കുള്ള സർവീസ് ഒഴിവാക്കി. പകരം റൂട്ട് 99 ഉപയോഗിക്കാം. അൽ വാസൽ–അൽഖൂസ് മേഖലയിലെ എഫ്29 റൂട്ടിൽ അൽഖൂസ് ബസ് സ്റ്റേഷനിൽനിന്ന് അൽ വാസൽ റോഡ് വഴി ഇക്വിറ്റി മെട്രോ ബസ് സ്റ്റോപ്പിലേക്കുള്ള ഭാഗം ഒഴിവാക്കി. യാത്രക്കാർക്ക് 93, എഫ്29 റൂട്ടുകൾ ബദലായി ഉപയോഗിക്കാം. അൽ മനാറ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, ഫോർത്ത് സ്ട്രീറ്റ് വഴിയാണ് ഇക്വിറ്റി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുക.
അൽ ഗുബൈബ–അൽ ഫഖാ റൂട്ട് ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ മക്തൂം മസ്ജിദ് വരെ നീട്ടും. ദുബായ്–ഹത്ത റോഡിൽ ലെഹ്ബാബ് മേഖലയിലെ യാത്രക്കാർക്ക് ഇ16 റൂട്ടിലേക്ക് മാറിക്കയറാൻ പുതിയ സ്റ്റോപ്പുകൾ ഏർപ്പെടുത്തും.
അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഗാർമിൻ ബസ് ടെർമിനസിൽനിന്നുള്ള യാത്രയിൽ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിനു പകരം ഷെയ്ഖ് സായിദ് സർവീസ് റോഡ് വഴിയാകും സർവീസ്. ദുബായ് വേൾഡ് സെൻട്രലിലെ ഫ്രെയ്റ്റ് ഹൗസ് വരെയും ചെറി വുഡ്സ് മേഖലയിലേക്കും ബസ് സർവീസ് നീട്ടി.