ഗതാഗത സേവനങ്ങൾ ഏകോപിപ്പിക്കാൻ ആർടിഎ
പൊതുഗതാഗത സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതിനു സഹീൽ ആപ്പുമായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ബസ്, ദുബായ് മെട്രോ, ട്രാം, അബ്ര തുടങ്ങിയ പൊതുഗതാഗത മാർഗങ്ങളിലൂടെ യാത്ര പ്ലാൻ ചെയ്യുന്നത് ഇനി എളുപ്പമാകും.ടാക്സി ബുക്കിങ്, ഓൺ-ഡിമാൻഡ് മൊബിലിറ്റി സേവനങ്ങൾ, ഇ-സ്കൂട്ടർ, സൈക്കിൾ തുടങ്ങിയ ഫസ്റ്റ്-മൈൽ, ലാസ്റ്റ്-മൈൽ യാത്രാ സംവിധാനങ്ങൾ തുടങ്ങിയവ സഹീൽ ആപ്പിൽ ലഭിക്കും. നോൽ കാർഡ് സേവനങ്ങളും ആപ്പിലൂടെ എളുപ്പത്തിൽ നിയന്ത്രിക്കാം. ബാലൻസ് പുതുക്കൽ, ട്രാവൽ പാസ് വാങ്ങൽ, പുതുക്കൽ, വ്യക്തിഗത നോൽ കാർഡ് അപേക്ഷ, പുതുക്കൽ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
സ്മാർട്ട് വാച്ചുകളിലും സഹീൽ ആപ് ലഭ്യമാണ്. യാത്രാ വിവരങ്ങൾ, ബസ്-മെട്രോ എത്തിച്ചേരുന്ന സമയം, തത്സമയ അറിയിപ്പുകൾ എന്നിവ സ്മാർട്ട് വാച്ചിലൂടെ അറിയാം. യാത്രാ തിരക്ക്, ബസ് ലഭ്യത, സർവീസ് മാറ്റങ്ങൾ, വൈകൽ തുടങ്ങിയ തത്സമയ വിവരങ്ങളും ആപ് നൽകും. ഇതുവഴി യാത്രക്കാർക്ക് മികച്ച രീതിയിൽ യാത്ര പ്ലാൻ ചെയ്യാനും സമയനഷ്ടം ഒഴിവാക്കാനും സാധിക്കും.
സർക്കാർ ഡിജിറ്റൽ സേവനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹീൽ ആപ്പിനെ സമഗ്ര ഡിജിറ്റൽ മൊബിലിറ്റി പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നത്. ഭാവിയിൽ കൂടുതൽ സേവനങ്ങളും സർക്കാർ-സ്വകാര്യ പങ്കാളിത്തങ്ങളും ഉൾപ്പെടുത്തി ആപ്പിന്റെ സാധ്യതകൾ വിപുലീകരിക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്.