ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി സലാം എയർ; പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും

 

ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസുകൾ വൻതോതിൽ വിപുലീകരിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള നഗരങ്ങൾക്ക് പുറമെ തിരുവനന്തപുരം, കൊച്ചി, ഭോപ്പാൽ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാൻ താൽപ്പര്യമുണ്ടെന്ന് സിഇഒ അഡ്രിയാൻ ഹാമിൽട്ടൺമാൻസ് വ്യക്തമാക്കി. ഇന്ത്യയിലെ ശക്തമായ സാമ്പത്തിക വളർച്ചയും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും കണക്കിലെടുക്കുമ്പോൾ, ഈ വിപണിയെ കൂടുതൽ പ്രയോജനപ്പെടുത്തുകയാണ് എയർലൈനിന്റെ ലക്ഷ്യം.

2025-ൽ മികച്ച സാമ്പത്തിക നേട്ടമാണ് സലാം എയർ കൈവരിച്ചത്. 137 ദശലക്ഷം ഒമാനി റിയാൽ വരുമാനം നേടിയ കമ്പനി അഞ്ച് ശതമാനം പ്രവർത്തന ലാഭവും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 40-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് നടത്തിയ 22,000 സർവീസുകളിലായി 34 ലക്ഷത്തിലധികം യാത്രക്കാർ സലാം എയറിനെ ആശ്രയിച്ചു. 83 ശതമാനം സമയനിഷ്ഠ പാലിക്കാനും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കാനും എയർലൈനിന് സാധിച്ചതായി സിഇഒ അറിയിച്ചു.

ഒമാൻ 'വിഷൻ 2040' പദ്ധതിയുടെ ഭാഗമായി ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ലഭ്യമാക്കുന്നതിനുമാണ് മുൻഗണന. ഇതിന്റെ ഭാഗമായി 2026-ഓടെ വിമാനങ്ങളുടെ എണ്ണം 18 ആയും 2028-ഓടെ 25 ആയും വർദ്ധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ഈ വിപുലീകരണം പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പുതിയ വിപണികളിലേക്കും സലാം എയർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.