കേരളത്തിൽ നിന്ന് പറന്നുയരാൻ സൗദിയ എയർലൈൻസ്, പുതിയ സർവീസ് ഉടൻ

 

 

സൗദിയ എയർലൈൻസ് കോഴിക്കോട്–ജിദ്ദ സർവീസ് ആരംഭിക്കുന്നു. നിലവിൽ റിയാദ്–കോഴിക്കോട് സെക്ടറിൽ സൗദിയ എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. ജിദ്ദയിലേക്കു ഡിസംബർ ആദ്യവാരം മുതൽ സർവീസ് ഉണ്ടാകുമെന്നാണു വിവരം. 180 മുതൽ 220 വരെ പേർക്കു യാത്ര ചെയ്യാവുന്ന എയർബസ് എ321 (നിയോ എക്സ്എൽആർ) വിമാനമാണ് സർവീസിന് എത്തിക്കുക.പ്രവാസി കുടുംബങ്ങളും തീർഥാടകരും ഉൾപ്പെടെ വർഷങ്ങളായി കൂടുതൽ യാത്രക്കാരുള്ള സെക്ടറായിരുന്നു കോഴിക്കോട്–ജിദ്ദ. 2015ൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂർ വഴി ജിദ്ദ യാത്ര പ്രയാസകരമായത്. ഇതോടെ, ഹജ്, ഉംറ തീർഥാടകർ ഉൾപ്പെടെയുള്ളവർ മറ്റു വിമാനത്താവളങ്ങളെ ആശ്രയിച്ചുതുടങ്ങിയത്. കരിപ്പൂരിന് അനുയോജ്യമായ വിമാനങ്ങളുമായി നിലവിൽ ആകാശ എയർ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ കോഴിക്കോട്–ജിദ്ദ സർവീസ് നടത്തുന്നുണ്ട്. സൗദിയ എയർലൈൻസും എത്തുന്നതോടെ പതിവുയാത്രക്കാർക്കും തീർഥാടകർക്കും വലിയ ആശ്വാസമാകും. ഹജ്, ഉംറ തീർഥാടകർക്കും പ്രയോജനപ്പെടും.