ജോലിസ്ഥലത്ത് കിൻഡർഗാർട്ടനുകൾ തുറക്കാൻ സൗദി

 

സൗദിയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജീവനക്കാരുടെ ചെറിയ കുട്ടികളുടെ സംരക്ഷണത്തിനായി ജോലിസ്ഥലത്ത് തന്നെ കിൻഡർഗാർട്ടനുകൾ തുറക്കുന്നു. ഇത് സംബന്ധിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും മറ്റ് ബന്ധപ്പെട്ട വകുപ്പ് അധികാരികളുമായി ഏകോപിപ്പിച്ച് നിരവധി ജീവനക്കാരുള്ള സർക്കാർ, സ്വകാര്യ ജോലിസ്ഥലങ്ങളിൽ കിൻഡർഗാർട്ടനുകൾ തുറക്കുന്നതിനായി പ്രവർത്തിക്കാൻ മന്ത്രിസഭ അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദേശം നൽകി. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ ചെറിയ കുഞ്ഞുങ്ങളുള്ള സർക്കാർ, സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഒട്ടനവധി മാതാപിതാക്കൾക്കാണ് പ്രയോജനപ്പെടുന്നത്. ജോലി സാഹചര്യങ്ങളും കുടുംബ ഉത്തരവാദിത്വങ്ങളുംചെറിയ കുട്ടികളുടെ പഠനവും പരിപാലനവും ഒരുമിച്ച് കൊണ്ടുപോകുന്നതിന് ജീവനക്കാർക്ക് ഉതകുന്നത് പരിഗണിച്ചാണ് പുതിയ നടപടി പ്രാബല്യത്തിൽ വരുന്നത്.

ഒരു വിളിപ്പാടകലെ തൊഴിലിടങ്ങളിൽ സ്വന്തം മക്കളുണ്ടെന്നുള്ള ഉറപ്പ് ചെറിയ കുട്ടികളുടെ പരിപാലനത്തെക്കുറിച്ചുണ്ടാകുന്ന ആശങ്കയും സമ്മർദവും മാതാപിതാക്കൾക്ക് കുറയ്ക്കാനാവുന്നതോടൊപ്പം കാര്യക്ഷമമായി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നതാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.

കുട്ടികളുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി ജോലി അവസാനിപ്പിച്ച് പോകുന്നതും, അവധിയിൽ പോകുന്നതും ഒഴിവാക്കുന്നതിനും തൊഴിലിടങ്ങളോട് അനുബന്ധിച്ച് കിൻഡർഗാർട്ടനുകളും നഴ്സറികളും ആരംഭിക്കുന്നതോടെ സാധിക്കും. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് കർശനമായ മാനദണ്ഡങ്ങളാണ് മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.