പ്രമുഖ കമ്പനിയുടെ ബേബി ഫൂഡ് വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി
ശിശുക്കൾക്ക് നൽകുന്ന പ്രമുഖ കമ്പനിയുടെ ബേബി ഫോർമുല ഇനങ്ങൾ സൗദിയിലെ വിപണികളിൽ നിന്ന് പിൻവലിച്ചു. ന്യൂട്രിഷ്യ ഡാനോണിൽ നിന്നുള്ള ബേബിലാക്, ആപ്റ്റാമീൽ എന്നീ ശിശു ഫോർമുല ഉൽപന്നങ്ങളാണ് സൗദി ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) തിരിച്ചുവിളിച്ചത്. ബാസിലസ് സെറിയസ് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സെരുലൈഡ് മൂലം ചില ബാച്ചുകൾ മലിനമാകാനുള്ള സാധ്യതയും ഇത് ശിശുക്കൾക്ക് ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യ അപകടസാധ്യതയും കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിൽ കമ്പനി പിൻവലിച്ചതിനെത്തുടർന്നാണ് ന്യൂട്രിഷ്യ ഡാനോണിന്റെ കീഴിലുള്ള ബേബിലാക്, ആപ്റ്റാമിൽ എന്നീ ബ്രാൻഡുകളുടെ നിരവധി ശിശു ഫോർമുല ഉൽപന്നങ്ങൾ പിൻവലിക്കാൻ ജനറൽ അതോറിറ്റി ഫോർ ഫൂഡ് ആൻഡ് ഡ്രഗ് മുന്നറിയിപ്പ് നൽകിയത്. സ്വമേധയാ ഉള്ള മുൻകരുതൽ നടപടിയായാണ് പിൻവലിക്കൽ നടപ്പിലാക്കുന്നതും അപകടസാധ്യതകൾ വിലയിരുത്തിയ ശേഷം, ഉൽപന്നം കഴിച്ചതിന് ശേഷം അര മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെയുള്ള കാലയളവിൽ ഓക്കാനം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുമെന്നും സാധാരണയായി 24 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്നും അതോറിറ്റി വിശദീകരിച്ചു. രാജ്യത്ത് ഇതുവരെ ഈ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ഒരു രോഗവും രേഖപ്പെടുത്തിയിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു.
തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാച്ചുകൾ ഉപയോഗിക്കുന്നത് നിർത്താനും അവ ഉടനടി നശിപ്പിക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിപണികളിൽ നിന്ന് ഉൽപന്നങ്ങൾ പിൻവലിക്കാൻ കമ്പനിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ നിരീക്ഷിക്കുന്നത് തുടരുമെന്നും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും, ഏതെങ്കിലും ലംഘനങ്ങൾ ഏകീകൃത കോൾ സെന്റർ 19999 വഴി റിപ്പോർട്ട് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.