യു.എ.ഇയിൽ സ്കൂൾ ബസ് ഫീസ് വർധിക്കുന്നു

 

 

യു.എ.ഇയിലെ ചില സ്കൂളുകളിൽ വരുന്ന അക്കാദമിക് വർഷത്തിൽ (2026-27) സ്കൂൾ ബസ് ഫീസിൽ വർധനവ് വരുത്താൻ തീരുമാനിച്ചു. പ്രമുഖ ട്രാൻസ്പോർട്ട് സേവന ദാതാക്കളായ 'എസ്ടിഎസ് ഗ്രൂപ്പ്' ഉൾപ്പെടെയുള്ള അധികൃതർ 5 ശതമാനം വരെ ഫീസ് വർധനവ് ഉണ്ടാകുമെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. ഇന്ധനവിലയിലുണ്ടായ മാറ്റങ്ങളും സുരക്ഷാ സജ്ജീകരണങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ വർധിച്ചതുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എല്ലാ സ്കൂളുകൾക്കും ഒരേ നിരക്കിലല്ല വർധന നടപ്പിലാക്കുന്നത്; ദൽഹി പ്രൈവറ്റ് സ്കൂൾ (DPS) ദുബായ് ഉൾപ്പെടെയുള്ള ഇന്ത്യൻ സ്കൂളുകളിൽ 3 മുതൽ 4 ശതമാനം വരെയാണ് ഫീസ് കൂട്ടുന്നത്. വരാനിരിക്കുന്ന വർഷത്തിൽ ബസ് സർവീസ് തുടരുന്നതിനായി ഉടൻ തന്നെ റീ-രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ചില സ്കൂളുകൾ നിർദേശം നൽകിയിട്ടുണ്ട്. ട്യൂഷൻ ഫീസിനും മറ്റ് ചെലവുകൾക്കും പുറമെ ബസ് നിരക്കിലും വർധനവ് വരുന്നത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് പുതിയ അധ്യയന വർഷത്തിൽ അധിക സാമ്പത്തിക ബാധ്യതയാകും.