സ്‌കൂൾ ബസുകൾ ഇനി ‘ഷെയർ’ ചെയ്യാം; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പരീക്ഷണവുമായി ദുബായ് ആർടിഎ
Jan 14, 2026, 12:59 IST
സ്‌കൂൾ മേഖലകളിലെ ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ‘സ്‌കൂൾ ട്രാൻസ്‌പോർട്ട് പൂളിങ്’ പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഈ വർഷം ആദ്യ പാദത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി യാംഗോ ഗ്രൂപ്പ്, അർബൻ എക്സ്പ്രസ് ട്രാൻസ്‌പോർട്ട് എന്നിവയുമായി ആർടിഎ ധാരണാപത്രം ഒപ്പുവച്ചു. സ്വന്തം വാഹനങ്ങളിൽ കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന രീതിക്ക് പകരം വിശ്വസനീയവും ലാഭകരവുമായ ബദൽ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.ഒരേ മേഖലയിലുള്ള ഒന്നിലധികം സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന ‘ഷെയറിങ് ബസുകളാകും’ ഈ പദ്ധതിയുടെ സവിശേഷത. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹനങ്ങളുടെ തത്സമയ ട്രാക്കിങ്, ട്രിപ്പ് മാനേജ്‌മെന്റ് എന്നിവ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ദുബായിലെ സ്കൂൾ ഗതാഗത നിയമങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടായിരിക്കും ബസുകളുടെ ഓട്ടം.സ്‌കൂൾ സമയങ്ങളിൽ സ്വകാര്യ കാറുകളുടെ എണ്ണം വർധിക്കുന്നത് റോഡുകളിൽ വലിയ തടസ്സമുണ്ടാക്കുന്നുവെന്ന് അധികൃതർ നിരീക്ഷിച്ചിരുന്നു. പുതിയ പൂളിങ് സംവിധാനത്തിലൂടെ റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റൂസിയാൻ പറഞ്ഞു.