ചെറിയ പിഴവ് പോലും സേവനം വൈകിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി സേവന കേന്ദ്രം

 

 

പ്രവാസി ഇന്ത്യക്കാർ പാസ്‌പോർട്ട് പുതുക്കാനോ വീസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കോ അപേക്ഷിക്കുമ്പോഴും അപ്പോയ്ന്റ്മെന്റ് എടുക്കുമ്പോഴും നൽകുന്ന വിവരത്തിലെ ചെറിയ പിഴവ് പോലും സേവനം വൈകിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി സേവന കേന്ദ്രം. അപേക്ഷകർ സ്വന്തം ഇമെയിൽ വിലാസവും ഫോൺ നമ്പറും മാത്രമേ നൽകാവൂ. അപ്പോയ്ന്റ്മെന്റ് ബുക്കിങ്ങിനിടെ നൽകിയ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും അപേക്ഷ സമർപ്പിക്കുന്ന സമയത്ത് വീണ്ടും പരിശോധിക്കും.വിവരങ്ങളുമായി പൊരുത്തക്കേട് കണ്ടെത്തിയാൽ സേവന അഭ്യർഥന നിരസിക്കപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. മറ്റൊരാളുടെ സഹായത്തോടെ ബുക്കിങ് നടത്തിയതാണെങ്കിൽ, അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധം തെളിയിക്കുന്ന രേഖകൾ കൈവശം കരുതണം. അപേക്ഷയിൽ നൽകിയ വിവരങ്ങൾ കൃത്യമാണെന്നും ആവശ്യമായ രേഖകൾ പൂർണമായും ഉണ്ടെന്നും ഉറപ്പാക്കിയ ശേഷം മാത്രമേ നടപടികളുമായി മുന്നോട്ടുപോകാവൂ.

യുഎഇയിൽ ഈ മാസം 22 മുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ 16 കേന്ദ്രങ്ങൾ വഴിയാണ് പാസ്‌പോർട്ട്, വീസ സേവനങ്ങൾ നൽകിവരുന്നത്. ദിവസവും രാവിലെ 9നും രാത്രി 9നും പുതിയ സ്ലോട്ടുകൾ ബുക്ക് ചെയ്യാം. സേവനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ ഷാർജയിലെ കേന്ദ്രത്തിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അപേക്ഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.