എം.എ. യൂസഫലിക്കെതിരായ വ്യാജ പ്രചരണം: യൂട്യൂബിൽ മാപ്പ് പറഞ്ഞ് ഷാജൻ സ്കറിയ

 

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ നടത്തിയ വ്യാജ പ്രചരണങ്ങളിൽ മാപ്പ് പറഞ്ഞ് മറുനാടൻ മലയാളി യൂട്യൂബർ ഷാജൻ സ്കറിയ. താൻ ഉന്നയിച്ച വ്യാജ ആരോപണങ്ങളും വാർത്തകളും യൂട്യൂബ് ചാനലിൽ നിന്നും പൂർണ്ണമായി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പിൻവലിക്കുന്നതെന്ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലൂടെ ഷാജൻ സ്കറിയ വ്യക്തമാക്കി.

നയതന്ത്ര ചാനൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി നൽകിയ വീഡിയോയിലെ പരാമർശങ്ങളിൽ എം.എ. യൂസഫലി കടുത്ത നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഷാജൻ സ്കറിയ ക്ഷമാപണവുമായി രംഗത്തെത്തിയത്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും പരസ്യമായി മാപ്പ് പറയണമെന്ന് ചൂണ്ടിക്കാട്ടിയുമായിരുന്നു ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് നൽകിയത്. എം.എ. യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വീഡിയോയിൽ അവകാശപ്പെട്ടു.

2020 നവംബറിലാണ് കേസിനാസ്പദമായ വീഡിയോ മറുനാടൻ മലയാളി ചാനലിലൂടെ സംപ്രേഷണം ചെയ്തത്. യൂസഫലിക്ക് പുറമെ വ്യവസായി ഫഹാസ് അഷ്‌റഫിനെതിരെയും വിദ്വേഷകരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്നാണ് ലുലു ഗ്രൂപ്പ് മൂന്ന് സംസ്ഥാനങ്ങളിലായി ആറോളം കേസുകൾ നൽകിയത്. ഇതിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് യൂസഫലിക്കെതിരായ മുഴുവൻ വ്യാജ വാർത്തകളും വീഡിയോകളും നീക്കം ചെയ്തത്.