ശൈത്യകാലത്തെ തിരക്ക് ക്രമീകരിച്ച് ഷാര്‍ജ എയര്‍പോര്‍ട്ട്

 
ശൈത്യകാല അവധിയിലെ യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് മുന്‍കൂട്ടിക്കണ്ട് വന്‍ തയാറെടുപ്പുകള്‍ നടത്തി ഷാര്‍ജ രാജ്യാന്തര വിമാനത്താവളം. ഈ സീസണില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സേവന നിലവാരം നിലനിര്‍ത്താനുമുള്ള പ്രവര്‍ത്തന നടപടികള്‍ സ്വീകരിച്ചു.
യാത്രക്കാര്‍ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ലഭ്യമായ ഡിജിറ്റല്‍, ഫാസ്റ്റ് ട്രാക്ക് സേവനങ്ങള്‍ ഉപയോഗിക്കാനും ഷാര്‍ജ വിമാനത്താവള അധികൃതര്‍ യാത്രക്കാരോടാവശ്യപ്പെട്ടു. എയര്‍ അറേബ്യ യാത്രക്കാര്‍ സിറ്റി ചെക്ക് ഇന്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു. ഇത് നടപടിക്രമങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാനും, എത്തിച്ചേരുമ്പോള്‍ നേരിട്ട് എമിഗ്രേഷന്‍ പരിശോധനയിലേക്ക് പോകാനും അവരെ അനുവദിക്കുന്നു.
ഷാര്‍ജ വിമാനത്താവളത്തില്‍ സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്‌കുകള്‍, ബാഗേജ് ഡ്രോപ് സൗകര്യങ്ങള്‍, സ്മാര്‍ട്ട് ഗേറ്റുകള്‍, ഫാസ്റ്റ് ട്രാക്ക് ഓപ്ഷനുകള്‍, ഹലാ സര്‍വിസ് എന്നിവ ലഭ്യമാണ്. എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് പുതുതായി അവതരിപ്പിച്ച ഹോം ചെക്ക് ഇന്‍ സേവനവും ഉപയോഗിക്കാം.
ഡിപാര്‍ചര്‍ മേഖലയിലേക്കുള്ള പ്രധാന കവാടത്തില്‍ അല്‍ ദിയാഫ ലോഞ്ച് ഈയിടെ തുറന്നിട്ടുണ്ട്. തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് വേഗത്തിലുള്ള നടപാടികള്‍ സാധ്യമാക്കാന്‍ പ്രവര്‍ത്തന മേഖലകളിലുടനീളം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു.
ശൈത്യ കാലത്ത് കാര്യക്ഷമത മെച്ചപ്പെടുത്താനും സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങളെന്നും ഷാര്‍ജ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.