ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് മെയ് 17ന്
യുഎഇയിലെ പ്രമുഖ പ്രവാസി സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. 2023 ഡിസംബറിൽ അധികാരമേറ്റ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. റമദാൻ വ്രതകാലവും തുടർന്നുവന്ന പ്രത്യേക സാഹചര്യങ്ങളും കാരണമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയത്. ഏകദേശം 2600-ഓളം അംഗങ്ങളുള്ള അസോസിയേഷനിൽ ഭരണമാറ്റത്തിനായി വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
കഴിഞ്ഞ തവണ 'മതേതര ജനാധിപത്യ' മുന്നണിയും 'ജനാധിപത്യ' മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. ഇന്‍കാസ്, ഒഐസിസി, ഐഒസി തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ എത്തിയ മുൻ ഭരണസമിതിയിലെ പ്രമുഖരെ പരാജയപ്പെടുത്തിയാണ് നിസാർ തളങ്കര പ്രസിഡന്റും ശ്രീപ്രകാശ് പുരയത്ത് ജനറൽ സെക്രട്ടറിയുമായ 'ജനാധിപത്യ' മുന്നണി അധികാരം പിടിച്ചെടുത്തത്. കെഎംസിസി, മാസ്, യുവകലാ സാഹിതി ഉൾപ്പെടെയുള്ള ഇടത്-വലത് സംഘടനകളുടെ പിന്തുണ ഈ മുന്നണിക്കുണ്ടായിരുന്നു. കഴിഞ്ഞ തവണ 1374 അംഗങ്ങളാണ് വോട്ടവകാശം വിനിയോഗിച്ചത്.
തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതോടെ ഷാർജയിലെ വിവിധ പ്രവാസി കൂട്ടായ്മകൾക്കിടയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. മുൻപ് മത്സരിച്ച അതേ പേരുകളിൽ തന്നെയാകില്ല ഇത്തവണ മുന്നണികൾ രംഗത്തിറങ്ങുക എന്നാണ് ലഭിക്കുന്ന സൂചനകൾ. വിവിധ സംഘടനകൾ തമ്മിലുള്ള പുതിയ നീക്കുപോക്കുകളും രാഷ്ട്രീയ സമവായങ്ങളും വരും ദിവസങ്ങളിൽ മുന്നണികളുടെ രൂപീകരണത്തിൽ നിർണ്ണായകമാകും. വാഗ്ദാനങ്ങൾ നടപ്പാക്കിയെന്ന ആത്മവിശ്വാസത്തിൽ നിലവിലെ ഭരണസമിതിയും ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ പ്രതിപക്ഷവും സജീവമായതോടെ ഇത്തവണയും പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.