ഷാർജ മിഡ്-ലൈൻ ഡ്രെയിനേജ് പദ്ധതി 70% പൂർത്തിയായി: മഴവെള്ളക്കെട്ടിന് ശാശ്വത പരിഹാരം

 

 

ഷാർജയിൽ മഴവെള്ളവും ഭൂഗർഭജലവും കാര്യക്ഷമമായി ഒഴുക്കിവിടുന്നതിനായി നടപ്പിലാക്കുന്ന 500 ദശലക്ഷം ദിർഹത്തിന്റെ 'മിഡ്-ലൈൻ ഡ്രെയിനേജ്' പദ്ധതിയുടെ 70 ശതമാനം പ്രവൃത്തികളും പൂർത്തിയായതായി ഷാർജ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. എമിറേറ്റിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ഇത്, ജനസാന്ദ്രതയേറിയ പ്രദേശങ്ങളെയും പ്രധാന റോഡുകളെയും ബന്ധിപ്പിച്ചാണ് നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മഴവെള്ളം നേരിട്ട് കടലിലേക്ക് ഒഴുക്കിവിടാനും പ്രധാന റോഡുകളിലെയും ടണലുകളിലെയും വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കാനും സാധിക്കും.

മഴക്കാലത്തെ ഗതാഗതക്കുരുക്കും അപകടസാധ്യതകളും കുറയ്ക്കുന്നതിനൊപ്പം, ഭൂഗർഭജലനിരപ്പ് ഉയർന്ന് കെട്ടിടങ്ങളുടെ അടിത്തറയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും ഇത് സഹായിക്കും. അടിയന്തര അറ്റകുറ്റപ്പണികൾക്കായി സർക്കാർ നടത്തുന്ന ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന ഈ പദ്ധതി, ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീർഘവീക്ഷണത്തോടെയുള്ള നിർദേശപ്രകാരമാണ് നടപ്പിലാക്കുന്നത്. മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ ശാശ്വത പരിഹാരമെന്ന നിലയിൽ എമിറേറ്റിലെ താമസക്കാരും പദ്ധതിയുടെ മുന്നേറ്റത്തെ സ്വാഗതം ചെയ്തു.