130 പുതിയ പട്രോൾ വാഹനങ്ങൾ കൂടി പുറത്തിറക്കി ഷാർജ പൊലീസ്
സുരക്ഷയും ക്രമസമാധാനവും കൂടുതൽ ശക്തമാക്കുന്നതിന്റെയും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായി 130 പുതിയ പട്രോൾ വാഹനങ്ങൾ കൂടി ഷാർജ പൊലീസ് പുറത്തിറക്കി. സേനയുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ സംഭവസ്ഥലത്തേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ വാഹനങ്ങൾ നിരത്തിലിറക്കിയത്.എമിറേറ്റിലെ പ്രധാന കേന്ദ്രങ്ങളിലും പാർപ്പിട മേഖലകളിലും കൂടുതൽ ശക്തമായ സുരക്ഷാ സാന്നിധ്യം ഉറപ്പാക്കാൻ ഇത് സഹായിക്കും. അത്യാധുനിക സാങ്കേതികവിദ്യകളും സ്മാർട്ട് ആശയവിനിമയ സംവിധാനങ്ങളും ഉൾപ്പെടുത്തിയുള്ള വാഹനങ്ങളാണ് ഫ്ലീറ്റിലേക്ക് കൂട്ടിചേർത്തിരിക്കുന്നത്.
ഏത് അടിയന്തര സാഹചര്യത്തിലും കാര്യക്ഷമമായി ഇടപെടാൻ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്ന രീതിയിലാണ് ഇവയുടെ രൂപകൽപന. സുരക്ഷാ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് സേനയെ സജ്ജമാക്കുന്നതിനും സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കുന്നതിനുമുള്ള മുൻകൂട്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് റിസോഴ്സസ് ആൻഡ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബു അൽ സൂദ് പറഞ്ഞു. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി പൊലീസ് സേവന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പുതിയ വാഹനങ്ങൾ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.