അമിത ശബ്ദമുണ്ടാക്കി ചീറിപ്പായുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഷാർജ പൊലീസ്
നഗരത്തിന്റെ ഉറക്കം കെടുത്തുന്ന 'ശബ്ദക്കൊടുങ്കാറ്റുകൾക്ക്' കടിഞ്ഞാണുമായി ഷാർജ പൊലീസ്. ജനവാസ മേഖലകളിലും പൊതുനിരത്തുകളിലും അമിത ശബ്ദമുണ്ടാക്കി ചീറിപ്പായുന്ന വാഹനങ്ങളും മോട്ടർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ സൈലൻസറുകളും എൻജിനുകളും ഘടിപ്പിച്ച് അമിത വേഗത്തിൽ പായുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.∙ പൊതുജനങ്ങളുടെ പരാതി പ്രളയം
താമസമേഖലകളിൽ യുവാക്കൾ നടത്തുന്ന ബൈക്ക് അഭ്യാസങ്ങളും വാഹനങ്ങളുടെ അമിത ശബ്ദവും സംബന്ധിച്ച് പൊലീസിന് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. കുട്ടികൾക്കും വയോധികർക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫീൽഡ് സർവൈലൻസ് വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ് നിയമലംഘകർ കുടുങ്ങിയത്.
∙ നിയമനടപടികൾ കർശനം
പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്കെതിരെ കടുത്ത നിയമനടപടികളാണ് സ്വീകരിക്കുന്നത്. അനാവശ്യമായ മോഡിഫിക്കേഷനുകൾ വരുത്തി വാഹനത്തിന്റെ സ്വഭാവം മാറ്റുന്നത് ഗതാഗത നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനൊപ്പം വൻതുക പിഴയായും ഈടാക്കും.
∙ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
കുട്ടികളുടെയും യുവാക്കളുടെയും വാഹന ഉപയോഗത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഷാർജ പൊലീസ് അഭ്യർഥിച്ചു. നിയമവിരുദ്ധമായ അഭ്യാസങ്ങളുടെ അപകടങ്ങളെക്കുറിച്ച് മക്കളെ ബോധവൽക്കരിക്കുക. പൊതുസമൂഹത്തിന് ശല്യമാകുന്ന രീതിയിലുള്ള പ്രവണതകൾ ഒഴിവാക്കാൻ കുടുംബം മുൻകൈ എടുക്കണം. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.