എയർ ടാക്സി വെർട്ടിപോർട്ട് പ്രവർത്തനം വിലയിരുത്തി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്
ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം സജ്ജമായ ആദ്യ എയർ ടാക്സി വെർട്ടിപോർട്ടിന്റെ പ്രവർത്തനങ്ങൾ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിലയിരുത്തി. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സ്റ്റേഷനാണിത്.ദുബായ് എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്ക് കാറിൽ 45 മിനിറ്റ് വേണ്ടിവരുന്ന സ്ഥാനത്ത് എയർ ടാക്സിയിലൂടെ വെറും 10 മിനിറ്റ് കൊണ്ട് എത്താനാകും.
3,100 ചതുരശ്ര മീറ്ററിൽ 4 നിലകളിലായാണ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. രണ്ടു ലാൻഡിങ് പാഡുകൾ, കാർ പാർക്കിങ്, എയർ ടാക്സികൾക്കുള്ള ചാർജിങ് സംവിധാനം എന്നിവ ഇവിടെയുണ്ട്. മർഗാം ടെസ്റ്റ് ഫെസിലിറ്റിയിൽ നിന്ന് അൽ മക്തൂം എയർപോർട്ടിലേക്ക് 17 മിനിറ്റ് നീണ്ട പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. യുഎഇയിലെ കടുത്ത ചൂടിലും ഇവ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ ആണ് സ്റ്റേഷനുകളുടെ നിർമാണവും നടത്തിപ്പും ഏറ്റെടുത്തിരിക്കുന്നത്. ‘ജോബി ഏവിയേഷൻ’ വിമാനങ്ങൾ നിർമിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. ആർടിഎ മേൽനോട്ടം വഹിക്കും. മെട്രോ, ബസ്, ഇ-സ്കൂട്ടർ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി ഈ എയർ ടാക്സി സ്റ്റേഷനുകളെ ബന്ധിപ്പിക്കും.