മസ്കുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹംദാൻ
ടെസ്‌ല ഉടമ ഇലോൺ മസ്ക്കുമായി കൂടിക്കാഴ്ച നടത്തി ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും. ബഹിരാകാശ ഗവേഷണം, സാങ്കേതിക വിദ്യാ വികസനം, നിർമിത ബുദ്ധി അധിഷ്ഠിത സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ള മേഖലയിൽ ഇരുവരും വിശദമായ ചർച്ച നടത്തി.
ആഗോള സാമ്പത്തിക നേതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതു വികസനത്തിലേക്കുള്ള ഗതിവേഗം വർധിപ്പിക്കുമെന്നും ലോകത്തു മാറ്റങ്ങൾ സൃഷ്ടിക്കുന്നവർക്കു യുഎഇ എന്നും പിന്തുണ നൽകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
പൊതു സ്വകാര്യ മേഖലകളുടെ സഹകരണമാണു പുരോഗതിക്കു ഗതിവേഗം വർധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയുടെ ആഗോള തലസ്ഥാനമായി ദുബായിയെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനായി ഭാവിയെ കരുതിയുള്ള സുസ്ഥിര പദ്ധതികളാണു നടപ്പാക്കുന്നത്. ഈ വികസന പദ്ധതികളുടെ കേന്ദ്ര ബിന്ദു മനുഷ്യരാണ്.
മനുഷ്യ കേന്ദ്രീകൃതമാണ് എല്ലാ വികസന ലക്ഷ്യങ്ങളും. വരാൻ പോകുന്ന തലമുറയ്ക്ക് അവസരങ്ങൾ ഉറപ്പാക്കാനുള്ള അടിസ്ഥാനമാണു യുഎഇ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യകളെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചും ഇലോൺ മസ്ക്കുമായി ചർച്ച ചെയ്തുവെന്നും വരാൻ പോകുന്ന കാലം കരുതിവച്ചിരിക്കുന്നതിനെക്കുറിച്ചു ശുഭ പ്രതീക്ഷയാണുള്ളതെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.