പുതുവത്സരത്തിൽ കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും ഷെയ്ഖ് മൻസൂറും
പുതുവർഷത്തിന്റെ പുലരിയിൽ രാജ്യത്തിന്റെ വികസനക്കുതിപ്പിന് കരുത്തുപകരാൻ യുഎഇ ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും വൈസ് പ്രസിഡ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. ദുബായിലെ അൽ മർമൂം റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സംബന്ധിച്ചു.
പരസ്പരം പുതുവത്സരാശംസകൾ കൈമാറിയ നേതാക്കൾ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ രാജ്യം കൂടുതൽ നേട്ടങ്ങളിലേക്ക് കുതിക്കട്ടെയെന്ന് ആശംസിച്ചു. യുഎഇയുടെ സമഗ്ര വികസനത്തിനായുള്ള തന്ത്രപരമായ പദ്ധതികളും വരും വർഷങ്ങളിൽ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. കഴിഞ്ഞ വർഷം രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടങ്ങൾ വിലയിരുത്തിയ അവർ ഓരോ പൗരന്റെയും ജീവിതനിലവാരം ഉയർത്തുന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ആവർത്തിച്ചു. ജനങ്ങളുടെ ക്ഷേമമാണ് എല്ലാ വികസന പ്രവർത്തനങ്ങളുടെയും അടിസ്ഥാനമെന്നും മികച്ച അവസരങ്ങളുള്ള ഭാവി തലമുറയെ വാർത്തെടുക്കണമെന്നും നേതാക്കൾ ഊന്നിപ്പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം ആഗോളതലത്തിൽ സഹകരണത്തിന്റെ പാലങ്ങൾ പണിയാനാണ് യുഎഇ ലക്ഷ്യമിടുന്നത്. യുഎഇയിൽ മാത്രമല്ല, മേഖലയിലും ലോകത്തെങ്ങും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു വർഷമാകട്ടെ 2026 എന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. ലോകനന്മയ്ക്കായി ഒത്തൊരുമയോടെ പ്രവർത്തിക്കാനുള്ള പുതിയ അവസരമായി ഈ വർഷം മാറട്ടെയെന്നും ഭരണാധികാരികൾ ആശംസിച്ചു.