അമീറിനെയും ദേശീയ പതാകയെയും അപമാനിച്ചു, സോഷ്യൽ മീഡിയ ഉപയോക്താവിന് മൂന്ന് വർഷം കഠിനതടവ്
സോഷ്യൽ മീഡിയയിലൂടെ ഭരണാധികാരിക്കും രാജ്യത്തിനും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്ക് കുവൈത്ത് പരമോന്നത കോടതി മൂന്ന് വർഷം കഠിനതടവ് വിധിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് ഈ വിധി. കുവൈത്ത് അമീറിനെ അപമാനിക്കൽ, എമിറേറ്റ് സ്ഥാപനത്തെ അധിക്ഷേപിക്കൽ, ജുഡീഷ്യറിയിലെ അംഗങ്ങളെ അപമാനിക്കൽ, ദേശീയ പതാകയെ അവഹേളിക്കൽ എന്നിവയാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ട കുറ്റങ്ങൾ. കൂടാതെ സ്മാർട്ട്ഫോൺ ദുരുപയോഗം ചെയ്തതായും കോടതി കണ്ടെത്തി.
2023 ഒക്ടോബർ 30-നും ഡിസംബർ 17-നും ഇടയിലാണ് കുറ്റകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചത്. എക്സ്, സ്നാപ്ചാറ്റ് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ വീഡിയോകളും സന്ദേശങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു. വിദേശ രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ ശത്രുതാപരമായ പരാമർശം നടത്തിയതിലൂടെ കുവൈത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം യുഎഇയെ അപമാനിച്ചു എന്ന പ്രത്യേക കുറ്റാരോപണത്തിൽ നിന്ന് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. എങ്കിലും അമീറിനെ പരസ്യമായി അധിക്ഷേപിച്ചതിനും എഴുത്തിലൂടെയും വീഡിയോയിലൂടെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും ശിക്ഷ നിലനിൽക്കും. സർക്കാരിന്‍റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളെ കുറിച്ച് അപകീർത്തികരമായ രീതിയിൽ സംസാരിക്കുന്നത് കുവൈറ്റ് നിയമപ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റമായാണ് കണക്കാക്കുന്നത്.