യു.എ.ഇയിൽ മുളച്ച് ചൈനയിൽ വേരാഴ്ത്തിയ സൗഹൃദമരങ്ങളിൽ മധുരമൂറും വിളവെടുപ്പ്

 

 

യു.എ.ഇയിൽ മുളച്ച് ചൈനയിൽ വേരാഴ്ത്തിയ സൗഹൃദമരങ്ങളിൽ മധുരമൂറും വിളവെടുപ്പ്. യു.എ.ഇയിൽനിന്ന് ചൈനയിലെത്തിച്ച ഈന്തപ്പനകളാണ് വൻതോതിൽ വിളവെടുത്തത്. തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലുള്ള വെൻചാങ് സിറ്റി, യുനാൻ പ്രവിശ്യയിലെ യുവാൻജിയാങ് കൗണ്ടി, സിചുവാൻ പ്രവിശ്യയിലെ പാൻഷീഹുവ സിറ്റി എന്നിവിടങ്ങളിലാണ് ഇത്തവണത്തെ ഈന്തപ്പഴ വിളവെടുപ്പ് പൂർത്തിയായത്. 2025ൽ വെൻചാങ്ങിൽ ആദ്യമായി ഈന്തപ്പന കായ്ച്ച ശേഷം ചൈനയുടെ ഉൾനാടൻ പ്രദേശങ്ങളിൽ യു.എ.ഇ ഈന്തപ്പനകൾ മികച്ച അളവിൽ ഫലം നൽകുന്നത് ഇതാദ്യമായാണ്.

ചൈനയിലെ ഈന്തപ്പന കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുലക്ഷം ഈന്തപ്പന തൈകൾ നൽകുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചത് 2019ലാണ്. ഇതിന്‍റെ ഭാഗമായി 2021ൽ കൈമാറിയത് 1,500 തൈകൾ. ഇവ ചൈനയുടെ മണ്ണിൽ നട്ടുവർത്തിയത് വൻ വിജയമായി. അന്ന് നട്ട തൈകളിൽ 93 ശതമാനവും പുതിയ കാലാവസ്ഥയോട് പൊരുത്തപ്പെട്ട് തഴച്ചുവളർന്നു. തുടർന്ന് 23,500 തൈകളുടെ രണ്ടാമത്തെ ബാച്ചും കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഷിക സഹകരണം ശക്തമാക്കാനും ഭക്ഷ്യസുരക്ഷയും സാമ്പത്തിക വികസനവും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈന്തപ്പന തൈകളുടെ കൈമാറ്റം.