യുഎഇയിൽ പ്രവാസികൾക്കായി സുരക്ഷിത നിക്ഷേപം നടത്താൻ‘ടി-സുകുക്

 

 

യുഎഇയിലെ പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷിത നിക്ഷേപം നടത്താൻ പുത്തൻ അവസരവുമായി ധനമന്ത്രാലയം. സർക്കാർ പിന്തുണയുള്ളതും ഇസ്‌ലാമിക നിയമങ്ങൾക്ക് അനുസൃതവുമായ സോവറിൻ റീട്ടെയിൽ ടി-സുകുക് പദ്ധതിയാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പാദ്യം സുരക്ഷിത ഇടത്തിൽ നിക്ഷേപിക്കാനും ഒപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ പങ്കാളികളാകാനും ഇത് അവസരം നൽകുന്നു. ഇതൊരു സർക്കാർ ബോണ്ട് പോലെ പ്രവർത്തിക്കുന്ന നിക്ഷേപ പദ്ധതിയാണ്. നേരത്തെ വലിയ സ്ഥാപനങ്ങൾക്ക് മാത്രം അവസരമുണ്ടായിരുന്ന ഈ സൗകര്യം ഇപ്പോൾ സാധാരണക്കാർക്കും ലഭ്യമാക്കിയിരിക്കുന്നു. വെറും 1,000 ദിർഹം മുതൽ പദ്ധതിയിൽ നിക്ഷേപിക്കാം.യുഎഇ സർക്കാർ നേരിട്ട് പിന്തുണയ്ക്കുന്ന പദ്ധതിയായതിനാൽ ഉയർന്ന സുരക്ഷയും വിശ്വാസ്യതയും ഇതിനുണ്ട്. പലിശയ്ക്ക് പകരം ഇസ്‌ലാമിക രീതിയിലുള്ള ലാഭവിഹിതമാണ് ലഭിക്കുക.നാസ്ഡാക് ദുബായിൽ ലിസ്റ്റ് ചെയ്യുന്നതിനാൽആവശ്യമെങ്കിൽ പിന്നീട് ഓഹരി വിൽക്കാനും പണമാക്കി മാറ്റാനും സാധിക്കും. എമിറേറ്റ്സ് എൻ.ബി.ഡി, എമിറേറ്റ്സ് ഇസ്‌ലാമിക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, അജ്മാൻ ബാങ്ക്, മാഷ്റക് ബാങ്ക് എന്നീ ബാങ്കുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം.