മധുരപാനീയങ്ങളിലെ പഞ്ചസാരയുടെ അളവനുസരിച്ചു നികുതി; പുതിയ നിയമവുമായി സൗദി

 
സൗദി അറേബ്യയിൽ മധുരപാനീയങ്ങളിലെ പഞ്ചസാരയുടെ അളവനുസരിച്ചു നികുതി ഈടാക്കുന്ന സംവിധാനം ഇന്നു മുതൽ നിലവിൽ വരും. നിലവിൽ 50 ശതമാനം നികുതിയാണ് ഈടാക്കിയിരുന്നത്. പുതിയ നിയമം അനുസരിച്ച് ഓരോ ഉൽപന്നത്തിലും അടങ്ങിയ പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി നികുതി ഈടാക്കുമെന്നു സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
പഞ്ചസാരയുടെ അളവു കുറയ്ക്കാൻ നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുക, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്നിവയാണു ലക്ഷ്യമിടുന്നത്. 100 മില്ലീലീറ്ററിൽ 5 മുതൽ 7.99 ഗ്രാം വരെ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്കു ലീറ്ററിന് 0.79 റിയാൽ നികുതി ഈടാക്കും. 8 ഗ്രാമോ അതിൽ കൂടുതലോ പഞ്ചസാര അടങ്ങിയവയ്ക്ക് 1.09 റിയാൽ ആണ് നികുതി. റെഡി-ടു-ഡ്രിങ്ക് ഉൽപന്നങ്ങൾ, കോൺസൺട്രേറ്റുകൾ, പൊടികൾ, ജെല്ലുകൾ എന്നിവയുൾപ്പെടെ മധുരം ചേർത്ത എല്ലാ പാനീയങ്ങൾക്കും ഈ നികുതി ബാധകമാണ്.