ഒമാനില്‍ താപനില കുത്തനെ കുറഞ്ഞു, രാജ്യം കടുത്ത ശൈത്യകാലത്തേക്ക് നീങ്ങുന്നു
ഒമാനില്‍ താപനില കുത്തനെ കുറഞ്ഞു. ദാഖിലിയ ഗവര്‍ണറേറ്റിലെ സൈഖില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് മൈനസ് 0.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. സുല്‍ത്താനേറ്റിലുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ താപനിലയാണിതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അറിയിച്ചു. സൈഖ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇതുവരെയുള്ള സീസണിലെ ഏറ്റവും തണുപ്പുള്ള താപനിലയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെര്‍ക്കുറി ലെവലില്‍ കുത്തനെയുള്ള ഇടിവ് അടിവരയിടുന്ന പ്രധാന സംഭവവികാസമാണിതെന്നും സിഎ എ വ്യക്തമാക്കി.
മറ്റ് പ്രദേശങ്ങളിലും താപനില ഗണ്യമായി കുറഞ്ഞു. മഹ്ദ, സുനൈന എന്നിവിടങ്ങളില്‍ 8.4 ഡിഗ്രി, തൊട്ടുപിന്നാലെ ഹംറ അല്‍ ദുറൂവ (8.5 ഡിഗ്രി), ഖുമയ്‌റ (8.6 ഡിഗ്രി) എന്നിവയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞ താപനില രേഖപ്പെടുത്തിയ മറ്റു പ്രദേശങ്ങള്‍. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ തീരദേശ, മരുഭൂമി പ്രദേശങ്ങളില്‍, മിതമായ താപനിലയുണ്ടെങ്കിലും, വ്യക്തമായ കുറവ് രേഖപ്പെടുത്തിയത് തുംറൈത്തും ഹൈമയും യഥാക്രമം 6.1 ഡിഗ്രി, 6.2 ഡിഗ്രി എന്നീ സ്ഥലങ്ങളിലാണ്. അതേസമയം, രാവിലെയുള്ള ഏറ്റവും താഴ്ന്ന താപനിലയില്‍ മാറ്റം വന്നെങ്കിലും മറ്റു പകല്‍ സമയങ്ങളിലും സുല്‍ത്താനേറ്റിലുടനീളം താപനില മിതമായി തുടര്‍ന്നു.
മിര്‍ബാത്ത് (28.2 ഡിഗ്രി), ദിമ വതായീന്‍ (27.4 ഡിഗ്രി) എന്നിങ്ങനെയും പരമ്പരാഗതമായി ചൂടുള്ള തീരദേശ നഗരങ്ങളായ സലാല (26.4 ഡിഗ്രി), മസീറ (26.5 ഡിഗ്രി) എന്നിങ്ങനെയുമാണ് താപനില രേഖപ്പെടുത്തിയത്. എങ്കിലും ഇവിടങ്ങളില്‍ പോലും ശൈത്യകാലം നേരിയ തോതില്‍ അനുഭവപ്പെട്ടു. രാജ്യം കനത്ത ശൈത്യകാലത്തേക്ക് നീങ്ങുന്നതിന്റെ പ്രവണത രൂക്ഷമാണെന്ന് സിഎഎ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റകള്‍ വ്യക്തമാക്കുന്നു.