യുഎഇയിൽ താപനില വീണ്ടും താഴുന്നു; വരുംദിനങ്ങളിൽ നേരിയ മഴയ്ക്കും കാറ്റിനും സാധ്യത
യുഎഇയിൽ വാരാന്ത്യത്തോടനുബന്ധിച്ച് കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്. ഈ മാസം 15 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കും പടിഞ്ഞാറൻ മേഖലകളിൽ താപനില ഗണ്യമായി കുറയാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തീരദേശ-വടക്കൻ മേഖലകളിൽ ഇടയ്ക്കിടെ കൂടുതൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ബുള്ളറ്റിനിൽ പറയുന്നു. രാജ്യത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊടിയും മണലും ഉയരുന്നതിലൂടെ അന്തരീക്ഷത്തിലെ കാഴ്ചാപരിധി കുറയാൻ ഇടയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും കടൽയാത്രക്കാർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അറേബ്യൻ ഗൾഫിൽ രാത്രികാലങ്ങളിൽ കടൽ അതിശക്തമായി പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും ഒമാൻ കടലിൽ മിതമായ തോതിൽ തിരമാലകൾ ഉയരുമെന്നും മുന്നറിയിപ്പിലുണ്ട്.
അൽ ഐനിലെ രക്ന ഉൾപ്പെടെയുള്ള ഉൾനാടൻ മേഖലകളിൽ താപനില 7 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. അതേസമയം രാജ്യത്തെ പരമാവധി താപനില 28 ഡിഗ്രി വരെയാകാം. പ്രധാന നഗരങ്ങളായ ദുബായിൽ 17 മുതൽ 27 ഡിഗ്രി വരെയും അബുദാബിയിൽ 16 മുതൽ 27 ഡിഗ്രി വരെയും ഷാർജയിൽ 15 മുതൽ 26 ഡിഗ്രി വരെയുമായിരിക്കും താപനിലയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.