യുഎഇയിൽ താപനില ഉയരുന്നു; കനത്ത മൂടൽമഞ്ഞിന് സാധ്യത

 

 

യുഎഇയിൽ അന്തരീക്ഷ താപനില ക്രമേണ വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആഭ്യന്തര പ്രദേശങ്ങളിൽ ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. വരുംദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. രാജ്യത്ത് പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായിരിക്കും.ആഭ്യന്തര പ്രദേശങ്ങളിൽ 40 മുതൽ 46 ഡിഗ്രി വരെയും തീരദേശങ്ങളിൽ 37 മുതൽ 43 ഡിഗ്രി വരെയും പർവ്വത മേഖലകളിൽ 31 മുതൽ 36 ഡിഗ്രി വരെയും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. പ്രധാന നഗരങ്ങളായ അബുദാബിയിൽ 42 ഡിഗ്രിയും ദുബായിൽ 40 ഡിഗ്രിയുമായിരിക്കും കൂടിയ ചൂട്. ആഭ്യന്തര മേഖലകളായ മെസൈറയിൽ 48 ഡിഗ്രി വരെയും റസീനിൽ 47 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം.

രാത്രിയിലും വെള്ളിയാഴ്ച രാവിലെയോടെയും പടിഞ്ഞാറൻ തീരദേശ-ആഭ്യന്തര മേഖലകളിൽ അന്തരീക്ഷ ഈർപ്പം വൻതോതിൽ വർധിക്കും. ചിലയിടങ്ങളിൽ ഇത് 90 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞുള്ള കാലാവസ്ഥ തുടർന്നേക്കും. കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.