ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി സ്വദേശി കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ചു. ഭർത്താവിനും മറ്റൊരു മകൾക്കും പരുക്കേറ്റു.28 വയസ്സുകാരിയായ യുഎഇ സ്വദേശി വനിതയും ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞുമാണ് തൽക്ഷണം മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ട മൂന്ന് വയസ്സുകാരിയായ മകളെയും ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഫൗസ് പെട്രോളിയം മേഖലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ശ്രദ്ധ തിരിഞ്ഞതാണ് പെട്ടെന്ന് വണ്ടി നിയന്ത്രണം വിടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രി. സ്വാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി പറഞ്ഞു.
വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഡ്രൈവർമാർ വിട്ടുനിൽക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ചരക്ക് വാഹനങ്ങളുടെയും ട്രക്കുകളുടെയും സാന്നിധ്യം കൂടുതലുള്ള റോഡുകളിൽ വേഗപരിധി പാലിക്കാനും കൃത്യമായ അകലം പാലിക്കാനും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.