ഹാജിമാരുടെ ആദ്യസംഘം ഇന്ന് കൊച്ചിയിലെത്തും
ഹജ് കമ്മിറ്റി മുഖേന കൊച്ചിയിൽ നിന്നു പുറപ്പെട്ട ഹാജിമാരുടെ ആദ്യ സംഘം ഇന്നു മടങ്ങിയെത്തും. പുലർച്ചെ അഞ്ചരയോടെ പ്രതീക്ഷിക്കുന്ന ആദ്യ വിമാനത്തിലെ തീർഥാടകരെ മന്ത്രി എൻ.ഷംസുദ്ദീൻ, ഹജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.വിമാനം ഇറങ്ങി ടെർമിനലിൽ എത്തുന്ന ഹാജിമാർക്കു വിശ്രമിക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ വേഗത്തിലാക്കുന്നതിനും ക്രമീകരണമായിട്ടുണ്ട്. തീർഥാടകരെ സഹായിക്കുന്നതിനായി 60 വൊളന്റിയർമാരും സജ്ജരാണ്. ഓരോ തീർഥാടകനും 5 ലീറ്റർ വീതം സംസം വെള്ളവും ടെർമിനലിൽ വിതരണം ചെയ്യും. 5,492 സ്ത്രീകളും 2,849 പുരുഷൻമാരും അടക്കം 8,341 പേരാണ് സംസ്ഥാന ഹജ് കമ്മിറ്റി വഴി തീർഥാടനത്തിനു പോയത്.
വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ഉണ്ടാകും. കണ്ണൂർ ഭാഗത്തു നിന്നുള്ളവരുടെ മടക്കയാത്ര 21നും കോഴിക്കോട്ടേക്കുള്ളവരുടെ യാത്ര 23നും ആരംഭിക്കും. മദീനയിൽ നിന്നുള്ള അവസാന വിമാനം ജൂൺ 30നു കണ്ണൂരിലേക്കായിരിക്കും.