സംസ്ഥാനത്തെ ആദ്യ ഹജ്ജ് സംഘം ഇന്ന് മക്കയിലെത്തും

 

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി കേരളത്തിൽ നിന്നുള്ള തീർത്ഥാടകരുടെ ആദ്യ സംഘം ഇന്ന് സൗദി അറേബ്യയിലെത്തും. കൊച്ചിയിൽ നിന്നുള്ള 430 തീർത്ഥാടകരാണ് ആദ്യ വിമാനത്തിലുള്ളത്. ഉച്ചയ്ക്ക് 2.10-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈനാസിന്റെ എക്സ്.വൈ-8008 വിമാനം സൗദി സമയം വൈകുന്നേരം 5.30-ന് ജിദ്ദയിലെത്തും. ബുധനാഴ്ച കൊച്ചിയിൽ ആരംഭിച്ച ഹജ്ജ് ക്യാമ്പിൽ തീർത്ഥാടകരെ യാത്രയാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തുന്ന ഹാജിമാരെ പ്രത്യേക ബസ്സുകളിൽ മക്കയിലെ അസീസിയ ജുനൂബിയയിലുള്ള 502-ാം നമ്പർ കെട്ടിടത്തിലേക്ക് കൊണ്ടുപോകും. മക്കയിലെ താമസം ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്.

ഈ വർഷം ആകെ 13,194 മലയാളി ഹാജിമാരാണ് ഹജ്ജ് കർമ്മത്തിനായി എത്തുന്നത്. ഇതിൽ നെടുമ്പാശ്ശേരി വഴി 7,943 പേരും, കണ്ണൂർ വഴി 4,279 പേരും, കോഴിക്കോട് വഴി 944 പേരും യാത്ര തിരിക്കും. കേരളത്തിൽ നിന്നുള്ള 28 പേർ മറ്റ് സംസ്ഥാനങ്ങൾ വഴിയും യാത്ര ചെയ്യുന്നുണ്ട്. കൂടാതെ ലക്ഷദ്വീപ് (107), തമിഴ്നാട് (263), കർണാടക (239) തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരും കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ ഉപയോഗിക്കുന്നുണ്ട്.

കണ്ണൂരിൽ നിന്നുള്ള സർവീസുകൾ മേയ് ആറിന് ആരംഭിക്കും. ഫ്ലൈ അദീൽ കമ്പനിയാണ് മേയ് 14 വരെ ഇവിടെ സർവീസ് നടത്തുന്നത്. കോഴിക്കോട് നിന്ന് മേയ് 14 മുതൽ 17 വരെ ആകാശ എയർ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള വിമാനങ്ങൾ മേയ് 19 വരെ തുടരും. ജിദ്ദ വഴി എത്തുന്ന തീർത്ഥാടകർ ഹജ്ജിന് ശേഷം മദീന സന്ദർശനം കൂടി പൂർത്തിയാക്കിയാകും നാട്ടിലേക്ക് മടങ്ങുക.