കണ്ടുകിട്ടിയ സാധനങ്ങൾ ഇനി വീട്ടുപടിക്കലെത്തും; പുതിയ സേവനവുമായി ദുബായ് പൊലീസ്
വഴിയിൽ നഷ്ടപ്പെട്ടുപോയ സാധനങ്ങൾ കണ്ടുകിട്ടിയാൽ അത് ഉടമസ്ഥരുടെ വീട്ടുപടിക്കൽ നേരിട്ടെത്തിച്ചു നൽകുന്ന പുതിയ ഡിജിറ്റൽ സേവനത്തിന് തുടക്കമിട്ട് ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി ലഭ്യമാകുന്ന ഈ സൗകര്യം ഉപയോഗിച്ച് യുഎഇയിൽ എവിടെയുള്ള താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ നഷ്ടപ്പെട്ട വസ്തുക്കൾ സ്വന്തം വിലാസത്തിലേക്ക് ഡെലിവറി വരുത്താൻ സാധിക്കും. കണ്ടുകിട്ടിയ വസ്തുക്കൾ കൈപ്പറ്റാൻ ഇനി പൊതുജനങ്ങൾ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടതില്ലെന്നും, ദുബായിൽ മാത്രമല്ല രാജ്യത്തെ ഏത് എമിറേറ്റിലുള്ള വിലാസത്തിലേക്കും ഇവ എത്തിച്ചുനൽകുമെന്നും അധികൃതർ വ്യക്തമാക്കി. ആപ്പിലെ 'Lost and Found' വിഭാഗം തിരഞ്ഞെടുത്ത് വസ്തുവിന്റെ വിവരങ്ങളും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങളും സമർപ്പിച്ച ശേഷം ഡെലിവറി വിലാസം നൽകിയാൽ മതിയാകും. ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ സംവിധാനം പൊതുജനങ്ങളുടെ സമയവും അധ്വാനവും വലിയ രീതിയിൽ ലാഭിക്കാൻ സഹായിക്കും.