ഏറ്റവും ചൂടേറിയതും വരണ്ടതുമായ ‘ജംറത്തുൽ ഖൈത്’ കാലഘട്ടം ആരംഭിച്ചതായി യുഎഇ

 

 

യുഎഇയിൽ വർഷത്തിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ‘ജംറത്തുൽ ഖൈത്’ കാലഘട്ടം ആരംഭിച്ചതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഈ മാസം 3 മുതൽ ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിലാണ് യുഎഇയിലും അറേബ്യൻ ഉപദ്വീപിലും കടുത്ത വേനൽ അനുഭവപ്പെടാറുള്ളത്. എന്നാൽ, കടുത്ത ചൂടിന്റെ ഈ തുടക്കത്തിനിടയിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞദിവസം പെയ്ത മഴ ജനങ്ങൾക്ക് നേരിയ ആശ്വാസം പകർന്നു.അതേസമയം, ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും പടിഞ്ഞാറൻ മേഖലകളിൽ താപനില ക്രമേണ കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും നാളെ പുലർച്ചെയും തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ പകൽ സമയത്ത് ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയർന്നുപൊങ്ങിയേക്കാം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ചില അവസരങ്ങളിൽ 40 കിലോമീറ്റർ വരെ വേഗം പ്രാപിച്ചേക്കും. അറബിക്കടലിൽ പടിഞ്ഞാറൻ ഭാഗങ്ങളിൽ കടൽ ഇടയ്ക്ക് പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെങ്കിലും ഒമാൻ കടൽ ശാന്തമായിരിക്കും.