എമിറേറ്റിൽ സ്വന്തമായി വസ്തുവകകളുള്ളവർക്കും നിക്ഷേപകർക്കും വീസ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ നീക്കം
എമിറേറ്റിൽ സ്വന്തമായി വസ്തുവകകളുള്ളവർക്കും നിക്ഷേപകർക്കും വീസ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ നീക്കം. റിയൽ എസ്റ്റേറ്റ് വീസയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഏകീകരിക്കുന്നതിനായി ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റും (ഡിഎൽഡി) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജിഡിആർഎഫ്എ) തമ്മിൽ നിർണായക ധാരണാപത്രത്തിൽ ഒപ്പുവച്ചു. സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നിക്ഷേപകർക്ക് സുതാര്യമായ സേവനം ഉറപ്പാക്കാനുമാണ് ഇരു വകുപ്പുകളും കൈകോർക്കുന്നത്.∙ മൂന്ന് പ്രധാന സേവനങ്ങൾ
പുതിയ കരാർ പ്രകാരം ലാൻഡ് ഡിപാർട്ട്‌മെന്റ് നൽകിയിരുന്ന മൂന്ന് സുപ്രധാന റസിഡൻസി സേവനങ്ങൾ ഇനിമുതൽ ജിഡിആർഎഫ്എ സിസ്റ്റം വഴി നേരിട്ട് ലഭ്യമാകും. ഗോൾഡൻ റസിഡൻസി, റിട്ടയർമെന്റ് റസിഡൻസി, പ്രോപ്പർട്ടി റസിഡൻസി എന്നിവയാണ് ഈ സേവനങ്ങൾ. ഈ മാറ്റത്തോടെ വ്യത്യസ്ത ഓഫീസുകളോ പ്ലാറ്റ്‌ഫോമുകളോ കയറിയിറങ്ങാതെ ഒരൊറ്റ വിൻഡോയിലൂടെ വീസ നടപടികൾ പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും ലാൻഡ് ഡിപാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഒമർ ഹമദ് ബു ഷെഹാബുമാണ് കരാറിൽ ഒപ്പുവച്ചത്. ഉപയോക്താക്കളുടെ ജീവിതനിലവാരം ഉയർത്താനും സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുമുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു. ഡിജിറ്റൽവൽക്കരണത്തിലും റിയൽ എസ്റ്റേറ്റ് ടോക്കണൈസേഷനിലും ലാൻഡ് ഡിപ്പാർട്ട്‌മെന്റ് 2026ൽ നടത്തുന്ന തന്ത്രപരമായ മുന്നേറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചു.