ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം 80ലേക്ക് താഴ്ന്നു

 

 

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ വിവരങ്ങൾ അടങ്ങിയ ഹെൻലി പാസ്‌പോർട്ട് സൂചികയുടെ പുതിയ പതിപ്പിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം 80ലേക്ക് താഴ്ന്നു. മുൻകൂർ വീസയില്ലാതെ 56 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെങ്കിലും മറ്റ് രാജ്യങ്ങളുടെ റാങ്കിങ്ങിലെ മാറ്റങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.ഈ വർഷം ആദ്യം പുറത്തുവിട്ട സൂചികയിൽ ഇന്ത്യ 75-ാം സ്ഥാനത്തായിരുന്നു. 2025-ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ മികച്ച മുന്നേറ്റം നടത്തിയാണ് 75-ൽ എത്തിയത്. ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) വിവരങ്ങൾ അടിസ്ഥാനമാക്കി 199 രാജ്യങ്ങളുടെ പാസ്‌പോർട്ട് കരുത്ത് അളക്കുന്നതാണ് ഹെൻലി സൂചിക. മറ്റ് രാജ്യങ്ങൾ പുതിയ വീസാ കരാറുകളിൽ ഏർപ്പെടുകയും യാത്രാ സൗകര്യങ്ങൾ അതിവേഗം വർധിപ്പിക്കുകയും ചെയ്തതോടെയാണ് ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോയത്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയോ ആഗോള സ്വാധീനമോ മാത്രമല്ല പാസ്‌പോർട്ടിന്റെ കരുത്ത് നിർണയിക്കുന്നത്. നയതന്ത്ര ബന്ധങ്ങൾ, അതിർത്തി സുരക്ഷ, രാജ്യാന്തര സഹകരണം എന്നിവയും ഇതിൽ പ്രധാനമാണ്. അടുത്തിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് എന്നത് കേവലം യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നും വ്യക്തമാക്കിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കൂടാതെ, 14 വർഷത്തിന് ശേഷം പാസ്‌പോർട്ട് ഫീസ് വർധിപ്പിച്ചതും ഈ രംഗത്ത് ശ്രദ്ധേയമായി.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസയില്ലാതെയും ഓൺ അറൈവൽ വീസ സംവിധാനത്തിലൂടെയും ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ വഴിയും 56 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. മലേഷ്യ, തായ്‌ലൻഡ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, കെനിയ, മാലദ്വീപ്, ശ്രീലങ്ക, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ യുഎസ്, യുകെ, ഷെങ്കൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യാൻ മുൻകൂർ വീസ ആവശ്യമാണ്.