ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; അവസാന വിമാനം കണ്ണൂരിലേക്ക്
ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പുണ്യഭൂമിയിലെത്തിയ ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര ഇന്ന് പൂർത്തിയായി. ഈ വർഷത്തെ ഏറ്റവും അവസാനത്തെ ഹജ്ജ് വിമാനം മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടു. 318 മലയാളി ഹാജിമാരാണ് അവസാന വിമാനത്തിൽ അൽപസമയം മുൻപ് നാട്ടിലേക്ക് യാത്രയായത്.
ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ഒരു മാസം നീണ്ടുനിന്ന വിപുലമായ മടക്കയാത്രാ സർവീസുകളാണ് ഇന്ന് അവസാനിക്കുന്നത്. മൊത്തം 420 വിമാനങ്ങളിലായാണ് മുഴുവൻ ഹാജിമാരെയും സുരക്ഷിതമായി ഇന്ത്യൻ ഹജ്ജ് മിഷൻ നാട്ടിലെത്തിച്ചത്. അവസാന ദിവസമായ ഇന്ന് കൊൽക്കത്ത, മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കായി അയ്യായിരത്തിലേറെ തീർഥാടകരാണ് മദീനയിൽ നിന്ന് മടങ്ങിയത്.
ഹജ്ജ് മിഷൻ സംഘവും മടങ്ങി; ചികിത്സയിലുള്ളവർ വരും ദിവസങ്ങളിൽ എത്തും
തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായതോടെ ഇന്ത്യൻ ഹജ്ജ് മിഷന്റെ ഭാഗമായി സേവനമനുഷ്ഠിച്ചിരുന്ന മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ ഡെപ്യൂട്ടേഷനിൽ എത്തിയ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇന്ത്യയിലേക്ക് തിരിച്ചു. മലയാളി ഹാജിമാർ ഉൾപ്പെടെ മക്കയിലും മദീനയിലുമായി നൂറോളം ഇന്ത്യൻ തീർഥാടകർ വിവിധ കാരണങ്ങളാൽ പുണ്യഭൂമിയിൽ വെച്ച് മരണപ്പെട്ടിരുന്നു. ഇവരുടെ ഖബറടക്ക ചടങ്ങുകളെല്ലാം സൗദിയിൽ നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്.
നിലവിൽ മക്കയിലെയും മദീനയിലെയും വിവിധ ആശുപത്രികളിൽ ഏതാനും ഹാജിമാർ തുടർചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ ആരോഗ്യാവസ്ഥ തൃപ്തികരമാകുന്ന മുറയ്ക്ക് വരും ദിവസങ്ങളിൽ പ്രത്യേക വിമാനങ്ങളിൽ നാട്ടിലേക്ക് എത്തിക്കുമെന്ന് ഹജ്ജ് മിഷൻ അധികൃതർ അറിയിച്ചു.