യാത്രയ്ക്ക് ഒരുങ്ങുന്നവർ വാക്സീനേഷൻ മുൻകൂട്ടി ഉറപ്പാക്കണം; മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യവിദഗ്ധർ
Jun 6, 2026, 17:53 IST
വേനലവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതോടെ യുഎഇയിലെ വിമാനത്താവളങ്ങൾ ഏറ്റവും തിരക്കേറിയ യാത്രാ സീസണിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർ വരുത്തുന്ന ഗുരുതരമായ ഒരു വീഴ്ചയ്ക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇയിലെ ആരോഗ്യവിദഗ്ധർ. യാത്രയുടെ അവസാന നിമിഷം വരെ കുത്തിവയ്‌പ് (വാക്സീനേഷൻ) കാര്യങ്ങൾ ശ്രദ്ധിക്കാതെ മാറ്റിവയ്ക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കിടയിൽ പതിവാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ടിക്കറ്റ് ബുക്കിങ്, താമസം, വീസ നടപടികൾ എന്നിവയ്ക്ക് നൽകുന്ന മുൻഗണന പലരും വാക്സീനേഷൻ ആവശ്യകതകൾക്ക് നൽകാറില്ല. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, അവിടെ പ്രത്യേക വാക്സീനുകൾ ആവശ്യമുണ്ടോ എന്ന് മുൻകൂട്ടി പരിശോധിക്കാത്തത് യാത്രാ തടസ്സങ്ങൾക്കും കടുത്ത മാനസിക സമ്മർദ്ദത്തിനും രോഗബാധയ്ക്കുള്ള സാധ്യതയ്ക്കും കാരണമാകുന്നു. പലപ്പോഴും വീസ നടപടികളുടെ അവസാന ഘട്ടത്തിലോ, യാത്രാ രേഖകൾ ലഭിക്കുമ്പോഴോ, അല്ലെങ്കിൽ യാത്രയ്ക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളിലോ മാത്രമാണ് ആവശ്യമായ വാക്സീനുകളെക്കുറിച്ച് പലരും ബോധവാന്മാരാകുന്നത്. സാധാരണയായി എടുക്കുന്ന വാക്സീനുകൾ എല്ലാ രാജ്യങ്ങളിലെയും രോഗപ്രതിരോധത്തിന് മതിയെന്ന തെറ്റായ ധാരണ പലർക്കുമുണ്ടെന്ന് ഷാർജ മെഡ്കെയർ ഷെയ്ഖ് സഖർ അൽ ഖാസിമി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. മലസ് യാബ്രൂദി പറയുന്നു. പ്രായം, ആരോഗ്യസ്ഥിതി, പോകുന്ന രാജ്യം എന്നിവയ്ക്കനുസരിച്ച് ബൂസ്റ്റർ ഡോസുകളോ പ്രത്യേക പ്രതിരോധ മരുന്നുകളോ ആവശ്യമുണ്ടോ എന്ന് മുൻകൂട്ടി മനസ്സിലാക്കി ഡോക്ടറുടെ നിർദേശം തേടണം.