കുവൈത്തിൽ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി
കുവൈത്ത് സെൻട്രൽ ജയിലിൽ നിന്ന് ആഴ്ചകൾക്ക് മുൻപ് തടവ് ചാടാൻ ശ്രമിച്ച മൂന്ന് പ്രതികളെ തൂക്കിലേറ്റി. ജയിൽ ചാടിയ ഇവരെ സുരക്ഷാ വിഭാഗം വൈകാതെ പിടികൂടിയിരുന്നു. ഹസൻ സാലിം ആയിശ് അൽറശീദി, അലി മനാഹി മുഫ്‌റഹ് അൽസുബൈയി, അഹ്‌മദ് മുഹമ്മദ് ഖാതി ഉബൈദ് എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽസബാഹിന്റെ സാന്നിധ്യത്തിലാണ് ശിക്ഷ നടപ്പാക്കിയത്.ക്രൂരമായ കുറ്റകൃത്യങ്ങളിൽ നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായിരുന്നു മൂവരും. ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ഒരാൾക്ക് വധശിക്ഷ ലഭിച്ചത്. രണ്ടാമൻ സ്വന്തം സഹോദരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലും, മൂന്നാമൻ രാജ്യാന്തര ലഹരിമരുന്ന് കടത്ത് കേസിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും പരമോന്നത കോടതിയും നേരത്തെ ശരിവെച്ചിരുന്നതാണ്. ഇതിനിടയിലാണ് പ്രതികൾ ജയിൽ ചാടാൻ ശ്രമം നടത്തിയത്.