യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു: മലയാളി സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

 

അമേരിക്കയിലെ കാലിഫോർണിയയിലുള്ള മിൽപിറ്റാസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഉറ്റസുഹൃത്തായ അനില എന്ന മലയാളി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തിയ ശേഷം അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടാക്കി നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിയുകയും, തുടർന്ന് പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഫോണിൽ കിട്ടാതിരുന്നതിനെ തുടർന്ന് ആനിന്റെ ഫ്ലാറ്റിലെത്തിയപ്പോഴാണ് ആനിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട അഞ്ജനയും ആനും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ എട്ടുവർഷമായി കാലിഫോർണിയയിൽ ജോലിചെയ്തു വരികയായിരുന്ന അഞ്ജനയ്ക്ക് വാമിക എന്നൊരു മകളുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.