ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾ' പ്രഖ്യാപിച്ച് യുഎഇ

 

 

ഷാർജയിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട് 'ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾ' പ്രഖ്യാപിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. നഴ്‌സറികളും കിന്റർഗാർട്ടനുകളും (കെജി) ഒരൊറ്റ കേന്ദ്രത്തിൽ ഒരുക്കുന്നതാണ് ഈ പുതിയ വിദ്യാഭ്യാസ മാതൃക.ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് അദ്ദേഹം പുതിയ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവിട്ടത്. ഇതിനോടൊപ്പം 2026–2027 അക്കാദമിക് വർഷത്തേക്കുള്ള സർക്കാർ നേഴ്‌സറി പ്രവേശന പദ്ധതിക്കും അദ്ദേഹം അംഗീകാരം നൽകി. മുൻവർഷത്തെ അപേക്ഷിച്ച് അഡ്മിഷനുകളിൽ 18 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

നഴ്‌സറി പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർന്നുള്ള കെജി പഠനം തടസ്സമില്ലാതെ ലഭ്യമാക്കാൻ ഈ പുതിയ സെന്ററുകൾ സഹായിക്കും. നിലവിലുള്ള നഴ്‌സറികളിൽ കെജി ക്ലാസുകൾ വേഗത്തിൽ സജ്ജമാക്കാനുള്ള നടപടികൾ നടന്നു വരികയാണെന്നും അതുവരെ കുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നേടാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അൽ സുയോഹ്, അൽ റഹ്മാനിയ, അൽ ലുലുഇയ്യ, കൽബ എന്നീ നാല് സെന്ററുകളിലായി 200 കുട്ടികൾ കെജി വിഭാഗത്തിൽ പ്രവേശനം നേടിയിട്ടുണ്ട്.